പാക് ആണവ പരീക്ഷണം: വിമർശിച്ച് ഇന്ത്യ

Saturday 08 November 2025 6:55 AM IST

ന്യൂഡൽഹി: നിയമ വിരുദ്ധവും രഹസ്യവുമായ ആണവ പ്രവർത്തനങ്ങൾ പാകിസ്ഥാന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് ഇന്ത്യ. 'ദശാബ്ദങ്ങൾ നീണ്ട കള്ളക്കടത്തും കയറ്റുമതി നിയന്ത്രണ ലംഘനങ്ങളും രഹസ്യ പങ്കാളിത്തങ്ങളുമൊക്കെ നിറഞ്ഞതാണ് പാകിസ്ഥാന്റെ ആണവ ചരിത്രം. പാകിസ്ഥാന്റെ ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യ എപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് " - വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

പാകിസ്ഥാനിൽ ആണവായുധങ്ങൾ രഹസ്യമായി പരീക്ഷിക്കുന്നുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാൻ, റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഭൂമിക്കടിയിൽ നടത്തുന്ന ആണവായുധ പരീക്ഷണങ്ങൾ ആരും അറിയുന്നില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു.

ഇക്കൊല്ലം ഏപ്രിൽ - മേയ് കാലയളവിൽ പാകിസ്ഥാൻ രഹസ്യമായി ആണവായുധം പരീക്ഷിച്ചെന്ന് പ്രചരിക്കുന്നുണ്ട്. ട്രംപിന്റെ വാദം പാകിസ്ഥാൻ തള്ളുന്നു. 1998ലാണ് പാകിസ്ഥാൻ അവസാനമായി ആണവ സ്ഫോടനത്തോടെയുള്ള ആയുധ പരീക്ഷണം ഔദ്യോഗികമായി നടത്തിയത്.