എണ്ണ കപ്പലിന് നേരെ ആക്രമണം
മൊഗാദിഷു : ഇന്ത്യൻ മഹാസമുദ്രത്തിൽ എണ്ണ കപ്പൽ ആക്രമിച്ച് സൊമാലിയൻ കടൽക്കൊള്ളക്കാർ. വ്യാഴാഴ്ച സൊമാലിയയിലെ ഹൊബ്‌യോ തീരത്ത് നിന്ന് 549 നോട്ടിക്കൽ മൈൽ അകലെ തെക്കുകിഴക്കൻ ദിശയിലൂടെ സഞ്ചരിച്ച എം.വി ഹെല്ലാസ് അഫ്രോഡൈറ്റ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഗുജറാത്തിലെ സിക്കയിൽ നിന്ന് പെട്രോളുമായി ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്ക് പോവുകയായിരുന്നു.
ബോട്ടിലെത്തിയ കൊള്ളക്കാർ കപ്പലിന് നേരെ വെടിവയ്പും ഗ്രനേഡ് ആക്രമണവും നടത്തി. കൊള്ളക്കാർ കപ്പലിൽ പ്രവേശിക്കുംമുന്നേ 24 ജീവനക്കാരും സേഫ് റൂമിലൊളിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്നും ആശയവിനിമയം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കൊള്ളക്കാർക്ക് സേഫ് റൂമിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. കപ്പലിന്റെ നിയന്ത്രണവും ജീവനക്കാരുടെ കൈയിലാണ്. കപ്പലിൽ ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക വിവരം.
മാൾട്ട പതാക വഹിക്കുന്ന ഹെല്ലാസ് അഫ്രോഡൈറ്റ് ഗ്രീക്ക് കമ്പനിയായ ലാറ്റ്‌സ്‌കോ മറൈൻ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണുള്ളത്. കൊള്ളക്കാരെ തുരത്താൻ യൂറോപ്യൻ യൂണിയൻ നേവൽ ഫോഴ്സ് ദൗത്യം ആരംഭിച്ചു. ഇതേ മേഖലയിൽ ഇന്നലെ അൽ തുമാമ എന്ന എൽ.എൻ.ജി ടാങ്കറിനെ ആക്രമിക്കാൻ കൊള്ളക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.