പരിഹാസവും ഒറ്റപ്പെടുത്തലും : പള്ളിയിൽ സ്‌ഫോടനം നടത്തി 17കാരന്റെ പ്രതികാരം, 55 പേർക്ക് പരിക്ക്
ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ സർക്കാർ ഹൈസ്‌കൂൾ പരിസരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളിയിൽ സ്ഫോടനം. കൗമാരക്കാരായ വിദ്യാർത്ഥികളടക്കം 55 പേർക്ക് പരിക്കേറ്റു. സ്‌കൂളിലെ വിദ്യാർത്ഥിയായ 17കാരനാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കും പരിക്കേറ്റെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് പ്രാർത്ഥനാ സമയത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു ഏതാണെന്ന് വ്യക്തമല്ല. സഹപാഠികളിൽ നിന്ന് നേരിട്ട പരിഹാസത്തിന് പ്രതികാരമായാണ് ചെയ്തതെന്നാണ് നിഗമനം.
പ്രതി ക്ലാസിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നെന്നും ആയുധങ്ങളുടെയും രക്തത്തിന്റെയുമൊക്കെ ചിത്രങ്ങൾ വരയ്ക്കുന്നത് പതിവായിരുന്നെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോഡ കാൻ, റിമോട്ട് കൺട്രോൾ, കളിത്തോക്കുകൾ എന്നിവ സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയതിനാൽ സ്ഫോടക വസ്തു വീട്ടിൽ നിർമ്മിച്ചതാകാമെന്ന അഭ്യൂഹമുണ്ട്. സംഭവത്തിൽ വിദഗ്ദ്ധ സംഘം അന്വേഷണം തുടങ്ങി.