'ഭസ്‌മം തീറ്റിച്ചു, ശരീരം പൊള്ളിച്ചു'; കോട്ടയത്ത് ആഭിചാരക്രിയയുടെ പേരിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരമർദനം

Saturday 08 November 2025 7:31 AM IST

കോട്ടയം: ആഭിചാരക്രിയയുടെ പേരിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂര മർദനം. കോട്ടയം തിരുവഞ്ചൂരിലാണ് സംഭവം. ഭാര്യയുടെ ശരീരത്തിൽ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു ആഭിചാരക്രിയ.

യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്‌മം തീറ്റിക്കുകയും ചെയ്തു. ശരീരത്തിൽ പൊള്ളലേൽപ്പിച്ചു. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ യുവതിയെ ഒരു മുറിയിൽ പൂട്ടിയിട്ട് ക്രൂരപീഡനത്തിനിരയാക്കി എന്നാണ് മണർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്.

യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് അഖിൽ, ഭർതൃപിതാവ് ദാസ്, ആഭിചാരക്രിയ നടത്തിയ ശിവദാസ് എന്നിവരാണ് അറസ്റ്റിലായത്. ഭർതൃമാതാവ് ഒളിവിലാണ്.