പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തമിഴ്‌നാട്ടിൽ; നിർണായക തെളിവ്, ഭാര്യയെ ഫോണിൽ വിളിച്ചതായി വിവരം
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലെന്ന് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരിൽ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണിൽ വിളിച്ചു എന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെത്തി. തുടർന്ന് ബാലമുരുകൻ ഭാര്യയെ ഫോണില്‍ വിളിച്ചു. വഴിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിയായിരുന്നു വിളിച്ചത്. തെങ്കാശിയിലാണ് ബാലമുരുകന്റെ ഭാര്യ താമസിക്കുന്നത്.
തീർത്ഥാടനസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ബാലമുരുകനായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്. തമിഴ്നാടിന്റെ ക്യൂ ബ്രാഞ്ചുമായി സഹകരിച്ചാണ് അന്വേഷണം. ഭാര്യയെ വിളിക്കാന്‍ ബാലമുരുകന് ഫോൺ നൽകിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യകാര്യം എന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നാണ് വഴിയാത്രക്കാരന്റെ മൊഴി.
കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്‌നാട് കടയം സ്വദേശിയായ ബാലമുരുകൻ (44). നേരത്തെയും തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കവർച്ചാകേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. കേരള പൊലീസ് പിടികൂടിയതിനെ തുടർന്ന് ഇയാൾ വിയ്യൂർ ജയിലിലായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്.