കേരളത്തിലെ ഐടിക്കാർക്കും വിദ്യാർത്ഥികൾക്കുമായി പുതിയ വന്ദേ ഭാരത് ട്രെയിൻ; ഫ്ളാഗ് ഓഫ് നിർവഹിച്ച് പ്രധാനമന്ത്രി

Saturday 08 November 2025 10:07 AM IST

ന്യൂഡൽഹി: നാല് പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിൽ ഇന്നുരാവിലെയാണ് ഫ്ളാഗ് ഓഫ് നടന്നത്. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹരൻപൂർ, ഫിറോസ്‌പൂർ-ഡൽഹി, എറണാകുളം-ബംഗളൂരു റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എത്തുന്നത്.

'വന്ദേ ഭാരത് ട്രെയിനുകൾ പൗരന്മാർക്ക് കണക്ടിവിറ്റി വർദ്ധിപ്പിക്കുകയും കൂടുതൽ സുഖസൗകര്യങ്ങൾ നൽകുകയും ചെയ്യുന്നു. വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകൾ പുതിയ തലമുറ ഇന്ത്യൻ റെയിൽവേയ്ക്ക് അടിത്തറ പാകുകയാണ്. വികസിത രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ അടിസ്ഥാന സൗകര്യങ്ങൾ പ്രധാന ഘടകമാണ്. ഇന്ത്യയും വികസനത്തിന്റെ പാതയിൽ വേഗത്തിൽ മുന്നേറുകയാണ്'- ഉദ്ഘാടനത്തിനുശേഷം നടന്ന പൊതു റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

എറണാകുളം-ബംഗളൂരു വന്ദേ ഭാരത്

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിൻ യാത്രാ സമയം രണ്ട് മണിക്കൂറിലധികം കുറയ്ക്കുമെന്ന് റെയിൽവേ മന്ത്രാലം അറിയിച്ചു. എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കും. പ്രധാന ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് വേഗതയേറിയതും കൂടുതൽ സുഖകരവുമായ യാത്രാ സൗകര്യം നൽകുകയും ചെയ്യും. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വളർച്ചയ്ക്കും സഹകരണത്തിനും പുതിയ പാത സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.