'നടിയോട് ട്രംപിനെയും മോദിയേയും കുറിച്ച് ചോദിക്കണോ? മാപ്പ് പറയില്ല'; ഗൗരി കിഷനോട് ക്ഷമ ചോദിക്കാതെ യൂട്യൂബർ
ചെന്നൈ: പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടയിൽ നടി ഗൗരി കിഷനെതിരായി അധിക്ഷേപം നടത്തിയതിൽ മാപ്പ് പറയില്ലെന്ന് യൂട്യൂബർ ആർ എസ് കാർത്തിക്. താൻ 32 വർഷത്തെ അനുഭവ സമ്പത്തുള്ള വ്യക്തിയാണെന്നും തെറ്റായതൊന്നും ചോദിച്ചിട്ടില്ലെന്നുമാണ് യൂട്യൂബറുടെ ന്യായീകരണം. ശരീരഭാരം എത്രയാണെന്ന് ചോദിച്ചതിൽ ഗൗരി കിഷൻ ശക്തമായ മറുപടി പറഞ്ഞത് വിവാദമായതോടെയാണ് കാർത്തിക് തന്റെ നിലപാട് ഒരു തമിഴ് മാദ്ധ്യമത്തോട് വ്യക്തമാക്കിയത്.
ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടാണെന്നാണ് കാർത്തിക് ആരോപിക്കുന്നത്. 'വിഡ്ഢിയെന്ന് വിളിച്ചത് ഗൗരിയാണ്. നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാലുപേര് കൂടുതൽ വരും. ‘ജോളി’ ആയിരിക്കാൻ വേണ്ടിയാണ് ചോദിച്ചത്. ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ? അതുകൊണ്ടാണ് അവിടെയുള്ള മറ്റ് മാദ്ധ്യമ പ്രവർത്തകർ ചിരിച്ചത്'- കാർത്തിക് പറഞ്ഞു.
ഗൗരി നായികയായി എത്തുന്ന 'അദേഴ്സ്' എന്ന സിനിമയ്ക്കായി സംഘടിപ്പിച്ച പ്രമോഷൻ പരിപാടിക്കിടയിലായിരുന്നു സംഭവം. യൂട്യൂബർ നടിയുടെ ഭാരത്തെയും ഉയരത്തെയും കുറിച്ച് സംവിധായകനോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഗൗരി ശക്തമായി പ്രതികരിച്ചത്. തന്റെ ഭാരവും സിനിമയും തമ്മിൽ എന്ത് ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനം ഇല്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വേദിയിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരൻ, നടൻ ആദിത്യ മാധവൻ എന്നിവർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എന്തുകൊണ്ട് വേദിയിൽ ഗൗരിയെ പിന്തുണച്ചില്ലയെന്നായിരുന്നു ഉയർന്ന ചോദ്യം. സംഭവം സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ ചർച്ചയായതോടെ ആദിത്യ മാധവൻ ക്ഷമ ചോദിച്ച് രംഗത്തെത്തുകയായിരുന്നു. വേദിയിൽ മൗനം പാലിച്ചത് ബോഡി ഷെയ്‌മിംഗിനുളള സമ്മതമല്ലെന്നായിരുന്നു നടന്റെ പ്രതികരണം.
അബിൻ ഹരിഹരനും ഗൗരിക്ക് പിന്തുണയുമായി എത്തിയിരുന്നു. സംഭവത്തിൽ ഗൗരിയോട് ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി. സംഭവ സമയത്ത് മൗനം പാലിച്ചത് ചൂണ്ടിക്കാട്ടി ഒട്ടെറെപ്പേർ വിമർശിച്ചത് കണ്ടെന്നും തനിക്ക് പ്രസ് മീറ്റ് അത്ര പരിചയമുള്ള കാര്യമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗൗരി സംസാരിക്കുന്നതിനിടെ താനും കയർത്ത് സംസാരിച്ചാൽ പ്രശ്നം വലുതാകുമോയെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഗൗരിക്ക് പിന്തുണയുമായി തമിഴ്, മലയാളം സിനിമാലോകത്ത് നിന്ന് ഒട്ടനവധി പേരാണ് എത്തുന്നത്. നടിമാരായ ഖുശ്‌ബു സുന്ദർ, കൃത്തി ഷെട്ടി, പേളി മാണി, അഹാന കൃഷ്ണ, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങിവരടക്കം പ്രതികരിച്ചു.