മാലിയിൽ അഞ്ച് ഇന്ത്യക്കാരെ ആയുധധാരികൾ തട്ടിക്കൊണ്ട് പോയി, അൽഖ്വയ്ദ - ഐസിസ് ഗ്രൂപ്പുകളാണെന്ന് സംശയം

Saturday 08 November 2025 10:58 AM IST

ബമാകാ (മാലി): വിവിധ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി. മാലിയിലെ പടിഞ്ഞാറൻ മേഖലയിൽ കോബ്രിക്കിന് സമീപം വ്യാഴാഴ്ചയോടെ സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്. വൈദ്യുതീകരണ പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് തട്ടിക്കൊണ്ട് പോയത്. തട്ടികൊണ്ട് പോകലിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സുരക്ഷ മുൻനിർത്തി കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാക്കോയിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.

2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ മാലിയിൽ,​ വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടികൊണ്ടുപോകലുകൾ സാധാരണമാണ്. കഴിഞ്ഞ സെപ്തംബറിൽ അൽഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീം (ജെഎൻഐഎം) ജിഹാദിസ്റ്റുകൾ രണ്ട് എമിറാത്തി പൗരൻമാരെയും ഒരു ഇറാനിെയെയും ബമാക്കോയ്ക്ക് സമീപത്ത് നിന്ന് തട്ടിക്കൊണ്ട് പോയിരുന്നു. പിന്നീട് 50 മില്യൺ ഡോളർ മോചനദ്രവ്യം നൽകിയതിനെ തുടർന്നാണ് ഇവരെ കഴിഞ്ഞയാഴ്ച വിട്ടയച്ചത്.

അതേസമയം,​ അൽഖ്വയ്ദ -ഐസിസ് തുടങ്ങിയ ഗ്രൂപ്പുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് വിവരം. നിലവിൽ സൈനിക ഭരണത്തിൽ നീങ്ങുന്ന മാലിയിൽ ഏറെ നാളുകളായി സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതും ജനങ്ങൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്.