മുളകുപൊടിയെറിഞ്ഞ് സ്വർണം മോഷ്ടിക്കാനുളള ശ്രമം നൈസായി പാളി, യുവതിയെ പൊതിരെ തല്ലി ജുവലറി ജീവനക്കാരൻ
ഗാന്ധിനഗർ: ജുവലറി ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മോഷണശ്രമം. ഗുജറാത്തിലെ അഹമ്മദാബാദിലെ ജുവലറിയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എന്നാൽ മോഷ്ടിക്കാനെത്തിയ യുവതിയുടെ ശ്രമം വിഫലമാകുന്ന തരത്തിലുളള സംഭവവികാസങ്ങളാണ് ജുവലറിയിൽ നടന്നത്. സംഭവ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുഖം മറച്ച് യുവതി ജുവലറിയിൽ എത്തിയത്.
നിമിഷങ്ങൾക്കുളളിൽ തന്നെ ഇവർ ജീവനക്കാരന്റെ കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. എന്നാൽ യുവാവ് ഒരുനിമിഷം പോലും പാഴാക്കാതെ യുവതിയെ തിരികെ പൊതിരെ തല്ലി. 25 സെക്കൻഡ് കൊണ്ട് 20ൽ അധികം തവണയാണ് യുവാവ് ഇവരെ അടിച്ചത്. തുടർന്ന് യുവാവ് ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി പുറത്തിറങ്ങി സ്ത്രീയെ റോഡിലേക്ക് തള്ളുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
മുളകുപൊടി എറിഞ്ഞ് മോഷണം നടത്താനായിരുന്നു യുവതിയുടെ ലക്ഷ്യം. എന്നാൽ സാഹചര്യം മാറിയതോടെ ഇവർ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ യുവാവ് ഇതുവരെയായിട്ടും പൊലീസിന് പരാതി നൽകിയിട്ടില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടക്കുകയാണെന്ന് റാണിപ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ പരാതി നേരിട്ടുവാങ്ങാൻ ജുവലറി ജീവനക്കാരനെ രണ്ടുതവണ കണ്ടതായി പൊലീസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മോഷണം നടത്തിയ യുവതി മുൻപും സമാനമായ കുറ്റങ്ങൾ നടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.