തുടയിലും കാലിലും സ്പർശിച്ചു; യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

Saturday 08 November 2025 12:29 PM IST

ബംഗളൂരു: യാത്രക്കാരിയോട് മോശമായി പെരുമാറിയ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവ‌‌ർക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ടാക്സി ഡ്രൈവ‌‌ർ ലോകേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ബംഗളൂരു നഗരത്തിലാണ് കേസിനാസ്പദമായ സംഭവം. യാത്രയ്ക്കിടെ ഇയാൾ തന്റെ കാലുകളിലും തുടകളിലും പലതവണ സ്പർശിച്ചതായും നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും യാത്രയിലുടനീളം അതിക്രമം ഉണ്ടായെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

യാത്രയ്ക്കിടെ യുവതി വീഡിയോ പകർത്തിയ ശേഷം പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം റാപ്പിഡോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും,​ ഇത്തരം സംഭവങ്ങൾ ബൈക്ക് ടാക്സികൾ ഉപയോഗിക്കേണ്ടി വരുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും യുവതി പറയുന്നു.