മോൻസന്റെ പരാതി വ്യാജം? മോഷണക്കഥ വീടൊഴിയാതിരിക്കാൻ കെട്ടിച്ചമച്ചതെന്ന നിഗമനത്തിൽ പൊലീസ്

Saturday 08 November 2025 1:11 PM IST

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ മോഷണം നടന്നുവെന്ന പരാതി വ്യാജമെന്ന് സംശയം. വാടക വീട് ഒഴിയാതിരിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ തിട്ടപ്പെടുത്തുന്നതിനായി കോടതിയുടെ അനുമതിയോടെ പരോളിലിറങ്ങി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നുവെന്ന് മോൻസൻ ആരോപിച്ചത്.

കഴിഞ്ഞ ദിവസമാണ് വീടിന്റെ ഒരുഭാഗം പൊളിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടത്. പുറകുവശത്തെ വാതിലും സിസിടിവിയും ഉൾപ്പെടെ തകർക്കപ്പെട്ട നിലയിലായിരുന്നു. ഇതോടെ വീട്ടിലെ പുരാവസ്‌തുക്കളിൽ പലതും മോഷണം പോയെന്ന മോൻസന്റെ പരാതിയിൽ പൊലീസെത്തി പരിശോധന നടത്തി. ഏകദേശം 20 കോടി രൂപയുടെ സാധനങ്ങൾ മോഷണം പോയെന്നായിരുന്നു മോൻസന്റെ ആരോപണം.

എന്നാൽ, രണ്ടാഴ്‌ച മുമ്പ് മോൻസന്റെ അഭിഭാഷകൻ വീട്ടിൽ നേരിട്ടെത്തി പരിശോധിച്ചപ്പോൾ ഇത്തരത്തിൽ സാധനങ്ങൾ നഷ്‌‌ടപ്പെട്ടതായി പരാതിയുയർത്തിയിരുന്നില്ല. കഴിഞ്ഞ വർഷം മാർച്ചിലും ഏതാനും സാധനങ്ങൾ ഈ വീട്ടിൽ നിന്ന് നഷ്‌ടപ്പെട്ടിരുന്നു. മോൻസൻ നൽകിയ പരാതിയിൽ അന്വേഷിച്ച ക്രൈംബ്രാഞ്ച് ഇത് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. മോൻസന്റെയും വീട്ടുടമസ്ഥന്റെയും പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മോൻസൻ അറസ്റ്റിലായതിന് പിന്നാലെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു വീട്.