"ഇപ്പോഴത്തെ ട്രെൻഡ് വേറെയല്ലേ, മുഴുപ്പും തഴപ്പുമുള്ളവരെയൊക്കെ ഉദ്ഘാടനത്തിന് വിളിക്കുകയാണ്"

Saturday 08 November 2025 3:10 PM IST

വർഷങ്ങളോളം വോട്ട് ചെയ്യാതിരുന്നിട്ടുണ്ടെന്ന് നടൻ കവിരാജ് ആചാരി. രാഷ്ട്രീയം എന്ന് പറയുന്നത് ലോകനന്മ മാത്രമാണ്. അതിൽ കവിഞ്ഞ് കൊടിയും മുദ്രാവാക്യമൊന്നും എന്റെ ലിസ്റ്റിലില്ല. മരിച്ചവർക്ക് വോട്ട്‌ ചെയ്യാൻ പോലും ഇവിടെ ആളുള്ളപ്പോൾ പോകേണ്ടെന്ന് കരുതി വളരെക്കാലം പോകാതിരുന്നിട്ടുണ്ടെന്നും പിന്നീട് വ്യക്തിപരമായി അറിയാവുന്നവർക്ക് കൊടിയൊന്നും നോക്കാതെ വോട്ടുചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കവിരാജ്. ഇപ്പോഴത്തെ ഉദ്ഘാടന ചടങ്ങുകളെക്കുറിച്ചും കവിരാജ് ആചാരി പ്രതികരിച്ചു. 'ഞാൻ ആലോചിക്കുന്നതെന്നുവച്ചാൽ ഇപ്പോൾ ഇവിടെ ഉദ്ഘാടനം ചെയ്യാനൊക്കെ ഓരോരുത്തർ വരുമല്ലോ. ഇപ്പോഴത്തെ ട്രെൻഡ് വേറെയല്ലേ. മുഴുപ്പും തഴപ്പുമുള്ളവരെയൊക്കെ ഉദ്ഘാടനത്തിന് വിളിക്കുകയാണ്. പകുതി കാണിക്കുകയുമൊക്കെ ചെയ്യുന്നു. അതിന് കൂക്കിവിളിക്കാനും ആർപ്പുവിളിക്കാനുമൊക്കെ ആളുകൾ വരുന്നു. മീഡിയ കവറേജ് വേറെ. നമ്മൾ വലിയ മഹാന്മാരെ കണ്ടിട്ടുപോലും പിറകെ പോയില്ലല്ലോ ദൈവമേ എന്ന് ഞാൻ ഇതുകാണുമ്പോൾ വിചാരിക്കും. എന്നെ സംബന്ധിച്ച് അത് ഞാൻ തിരിച്ചറിഞ്ഞൊരു ക്വാളിറ്റിയാണ്. ഇതൊക്കെ താത്ക്കാലികമാണ്. ആടുന്നിടത്തോളമേ ഈ കൂട്ടമൊക്കെയുള്ളൂ. ആട്ടം നിന്നുകഴിഞ്ഞാൽ എന്ത് ലാലേട്ടൻ എന്ത് മമ്മൂക്ക. ഇതിനേക്കാളും വലുതായി തിളങ്ങിനിന്നതല്ലേ പ്രേംനസീറൊക്കെ. കാലം കഴിഞ്ഞപ്പോൾ ആരാണ് ഓർക്കുന്നത്. പോട്ടേ, മധു സാർ ജീവിച്ചിരിപ്പുണ്ടല്ലോ, എത്രപേരാണ് ഫോട്ടോയെടുക്കാനും ഇന്റർവ്യൂവെടുക്കാനും പോകുന്നത്.'- നടൻ പറഞ്ഞു.