24 മണിക്കൂറിലേറെ നീണ്ട പ്രതിസന്ധി ഡൽഹി വിമാനത്താവളം സാധാരണ നിലയിൽ
ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് 24 മണിക്കൂറോളം പ്രതിസന്ധിയിലായ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ. എയർ ട്രാഫിക് കൺട്രോളിലെ (എ.ടി.സി) സാങ്കേതിക പ്രശ്നം പരിഹരിച്ചെന്നും ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന്റെ (എ.എം.എസ്.എസ്) പ്രവർത്തനം സാധാരണരീതിയിലായെന്നും
വ്യോമയാന മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെ തന്നെ സാങ്കേതിക തകരാർ പരിഹരിക്കപ്പെട്ടതായി എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ അറിയിച്ചു. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്താൻ പിന്നെയും സമയമെടുത്തു. അതിനാൽ ഇന്നലെയും ചില സർവീസുകൾ വൈകി. ബാക്‌ലോഗ് ഡാറ്റ കാരണമാണ് ഓട്ടോമേറ്റഡ് പ്രക്രിയകളിൽ കാലതാമസം ഉണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെ സർവീസുകൾ സാധാരണ നിലയിലേക്കെത്തി. വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടായ പ്രയാസത്തിൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് സാങ്കേതിക പ്രശ്‌നം തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. വെള്ളിയാഴ്ച മാത്രം 800ലേറെ വിമാനങ്ങളാണ് വൈകിയത്. 20ലേറെ വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പ്രശ്നത്തെത്തുടർന്ന് ഫ്ലൈറ്റ് പ്ലാനുകൾ ഉദ്യോഗസ്ഥർ മാന്വലായാണ് കൈകാര്യം ചെയ്തത്. ഇതാണ് സർവീസുകൾ വൈകാൻ ഇടയാക്കിയത്. പാട്‌ന, മുംബയ് തുടങ്ങി പലയിടങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചു.
സൈബർ ആക്രമണ സാദ്ധ്യത കേന്ദ്ര ഐ.ടി മന്ത്രാലയം ആദ്യമേ തള്ളിയിരുന്നു.