ജലവിതരണ തടസം നേരിടും

Sunday 09 November 2025 12:34 AM IST

കോട്ടയം : ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ ഡിസംബർ 12വരെ ജലവിതരണത്തിൽ തടസം നേരിടും. കടുത്തുരുത്തി, കല്ലറ, വെള്ളൂർ, മുളക്കുളം, ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വിപുരം, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലുമാണ് ജലവിതരണം തടസപ്പെടുന്നത്. ഇവിടെ കുടിവെള്ളമെത്തിക്കുന്ന മേവെള്ളൂർ 45 എം.എൽ.ഡി ജലശുദ്ധീകരണ ശാലയുടെ പ്രധാന ജലസ്രോതസായ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് താഴാൻ സാദ്ധ്യതയുണ്ട്. ഇടുക്കി ഡാമിൽ നിന്ന് തുറന്നുവിടുന്ന ജലമാണ് തൊടുപുഴയാർ വഴി മൂവാറ്റുപുഴയാറ്റിൽ എത്തുന്നത്. ഷട്ട് ഡൗൺ സമയത്ത് മൂന്ന് മില്യൻ ക്യുബിക് മീറ്റർ ജലത്തിന് പകരം 1 എം.സി.എം ജലം മാത്രമാണ് ലഭ്യമാക്കാൻ സാധിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കടുത്തുരുത്തി വാട്ടർ അതോറിറ്റി എൻജിനിയർ അറിയിച്ചു.