നീണ്ടൂരിലെ മുടക്കാലി പാടശേഖരത്തിൽ ... നെല്ല് വിളയേണ്ട പാടത്ത് കാട്ടിക്കൂട്ടിയത് വിളച്ചിൽ
കോട്ടയം : നീണ്ടൂർ മുടക്കാലി പാടശേഖരത്തിൽ വീശുന്ന മാലിന്യക്കാറ്റിൽ മനംനൊന്ത് കഴിയുന്ന കർഷകക്ക് ഒന്നേ പറയാനുള്ളൂ. ഈ തോന്ന്യാസം കാണിച്ചവരെ വെറുതെ വിടരുത്. രാവും പകലും അദ്ധ്വാനിച്ച് കൊയ്തുകൂട്ടുന്ന സ്വപ്നങ്ങൾക്ക് മേലാണ് ഒരുകൂട്ടർ രാത്രികാലങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. കക്കൂസ് - അറവുശാല മാലിന്യം മുതൽ മദ്യക്കുപ്പികൾ, വെള്ളക്കുപ്പികൾ, സാനിട്ടറി പാഡുകൾ, ഡയപ്പറുകൾ വരെയുണ്ട്. പ്രാദേശിക ടൂറിസത്തിന് വൻസാദ്ധ്യതകൾ തുറന്നിടുന്ന പ്രദേശം കൂടിയാണിത്. നീണ്ടൂർ മുതൽ കല്ലറ വരെ പരന്നുകിടക്കുന്ന റോഡിൽ പല ഭാഗങ്ങളിലായി നാല് മണിക്കാറ്റ്, കൈപ്പുഴക്കാറ്റ്, കല്ലറക്കാറ്റ് എന്നിങ്ങനെ നിരവധി സായാഹ്നകേന്ദ്രങ്ങളുണ്ട്. വയൽ പരപ്പിനോട് ചേർന്നുള്ള പാതയോരങ്ങളിൽ ഇരിപ്പിടങ്ങളും, തണൽമരങ്ങളും ഒരുക്കി ഗ്രാമീണ ജീവിതത്തിന്റെ സ്വഛത തേടിയെത്തുന്നവരെ കാത്തിരിക്കുന്നത് മനംമടുപ്പിക്കുന്ന ദുർഗന്ധമാണ്.
ക്യാമറയില്ലാത്തത് മറയാക്കി ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലേക്ക് നിരവധിപ്പേരാണ് ഇതുവഴി കടന്നുപോകുന്നത്. രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം ഇടുന്നത്. റോഡിന്റെ ആരംഭ ഭാഗത്തും പലാത്തിന്റെ അവസാന ഭാഗത്തുമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മദ്ധ്യഭാഗങ്ങളിൽ ക്യാമറയില്ലാത്തത് സാമൂഹ്യവിരുദ്ധർക്കും സഹായകമാകുന്നു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല.
''വർഷങ്ങളായി കൃഷിയിറക്കുന്ന പാടശേഖരമാണിത്. അടുത്തയാഴ്ച വിതയ്ക്കാനൊരുക്കിയ പാടങ്ങളുമുണ്ട്. കുപ്പിച്ചില്ലുകൾ ഉൾപ്പെടെ കണ്ടെത്തി. മാലിന്യങ്ങൾ വാരി മാറ്റിയാണ് പലപ്പോഴും കൃഷിയോഗ്യമാക്കിയത്.
(ജേക്കബ് തോമസ് പ്രദേശവാസി)