ഓടുന്ന ട്രെയിനിന്റെ എൻജിന്റെ മുൻവശത്തെ ചില്ല് തകർത്ത് പരുന്ത്; ലോക്കോപെെലറ്റിന്   പരിക്ക്

Saturday 08 November 2025 8:26 PM IST

ശ്രീനഗർ: ഓടുന്ന ട്രെയിനിന്റെ മുൻവശത്തെ ഗ്ലാസിൽ പരുന്തിടിച്ച് ലോക്കോപെെലറ്റിന് പരിക്ക്. ജമ്മുകാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അപകടം നടന്നത്. ബാരാമുള്ള - ബനിഹാൽ ട്രെയിനിന്റെ എൻജിന്റെ മുൻവശത്തെ ചില്ല് തകർത്ത് പരുന്ത് ട്രെയിനിനുള്ളിൽ വീഴുകയായിരുന്നു. ബിജ്ബെഹാര റെയിൽവേ സ്റ്റേഷനും അനന്ത്നാഗ് റെയിൽവേ സ്റ്റേഷനും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്.

ലോക്ക്പെെലറ്റിന്റെ മുഖത്താണ് പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോക്കോമോട്ടീവ് എൻജിന്റെ ക്യാബിനകത്ത് തറയിൽ പരുന്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. പരിക്കേറ്റ ശേഷവും ലോക്കോപെെലറ്റ് ഡ്യൂട്ടി തുടർന്നു. അനന്ത്നാഗ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് പരിക്കേറ്റ ലോക്കോപെെലറ്റിന് പ്രാഥമിക ചികിത്സ നൽകിയത്.