പുതിയ കെ സ്റ്റോറുകളുമായി സർക്കാർ; തുറന്ന കടകൾ നടത്താനാകാതെ വ്യാപാരികൾ
കണ്ണൂർ : നിലവിലുള്ള കെ സ്റ്റോറുകൾ പ്രതീക്ഷിച്ച വരുമാനം നേടാതെ പ്രതിസന്ധി നേരിടുമ്പോഴും പുതിയത് തുറക്കാൻ സമ്മർദ്ദവുമായി സർക്കാർ. ജില്ലയിൽ പ്രവർത്തനം തുടങ്ങിയ 39 സ്റ്റോറുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നതിനിടയിലാണ് പുതുതായി സ്റ്റോറുകൾ തുറക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. നിത്യോപയോഗസാധനങ്ങൾ കൃത്യമായി ലഭിക്കാത്തതാണ് കെ സ്റ്റോറുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി.
പഴകിയ ചുവരുകളും ചാക്കുകെട്ടുകളും നിറഞ്ഞ റേഷൻ കടകളെ റിബ്രാൻഡ് ചെയ്ത് ചെറിയ സൂപ്പർമാർക്കറ്റ്, മൈക്രോ എ.ടി.എം രൂപത്തിലേയ്ക്ക് മാറ്റുന്ന പദ്ധതിയാണ് കെ സ്റ്റോറിലൂടെ നടപ്പിലാക്കുന്നത്.ആവശ്യക്കാർക്ക് റേഷൻ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്നതോടൊപ്പം റേഷൻ ഡീലർമാർക്ക് കൂടുതൽ വരുമാനവും ലഭിക്കുമെന്നായിരുന്നു വകുപ്പിന്റെ വാഗ്ദാനം.
ചുരുങ്ങിയത് 300 ചതുരശ്ര അടി വലുപ്പമുള്ള കടകൾക്ക് കെ സ്റ്റോർ ലൈസൻസ് അനുവദിക്കുമെന്നായിരുന്നു സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് എല്ലാ റേഷൻ കടകളിലും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 1000 റേഷൻ റേഷൻ കടകളെ കെ സ്റ്റോറാക്കി മാറ്റുമെന്നാണ് ഭക്ഷ്യ ,പൊതുവിതരണ വകുപ്പ് മന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തിൽ പൈലറ്റ് പദ്ധതിയെന്ന നിലയിൽ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത റേഷൻ കടകളെ കെ-സ്റ്റോർ ആക്കി മാറ്റി. എന്നാൽ സ്റ്റോറുകളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നതിൽ തുടക്കം മുതൽ വീഴ്ചയുണ്ടായി. കാലിയായ കെ സ്റ്റോറുകൾ വലിയ പരാജയവുമായി.
ലഭിക്കുന്നത് പരിമിത സേവനം മാത്രം
ശബരി, മിൽമ ഉത്പ്പന്നങ്ങളും കോമൺ സർവിസ് സെന്റർ സേവനവും ചെറുകിട വ്യവസായ യൂണിറ്റുകളിലെ ഉത്പന്നങ്ങളും അഞ്ച് കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടറുമാണ് ഇപ്പോൾ കെ സ്റ്റോറുകളിലുള്ളത്.ഇത് തന്നെ പലയിടത്തും നാമമാത്രമാണ് .ഇന്റർനെറ്റ് സൗകര്യത്തിന് വേണ്ടി കൂടുതലും ആളുകൾ അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ അഞ്ചുകിലോയുടെ ചെറിയ പാചകവാതകത്തിന് ആവശ്യക്കാരും കുറവാണ്.
ഇങ്ങനെ പോകാനാകില്ലെന്ന് വ്യാപാരികൾ
റേഷൻസാധനങ്ങൾ ഒഴികെയുള്ള എല്ലാ പലവ്യഞ്ജനങ്ങളും കെ-സ്റ്റോർ വഴി വിൽക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.എന്നാൽ വകുപ്പ് ഇതിന് അനുമതി നൽകിയിട്ടില്ല. മിൽമ, സപ്ലൈകോ ഉത്പ്പന്നങ്ങൾ വ്യാപാരികൾ സ്വന്തം നിലയിൽ കടകളിൽ എത്തിക്കേണ്ടിയും വരുന്നു. സ്റ്റോർ നടത്തിപ്പിന് സ്വന്തം നിലയിൽ സഹായിയെ വെക്കണമെന്ന വ്യവസ്ഥയും വ്യാപാരികൾ അംഗീകരിക്കുന്നില്ല. കെ സ്റ്റോർ നടത്തിപ്പുകാരന് മാസം 12,000 രൂപയോളം ചെലവ് വരുന്നുണ്ട്. മുറി വാടകയ്ക്ക് എടുത്തും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ചെലവഴിച്ച തുകയ്ക്ക് അനുസരിച്ചുള്ള വരുമാനം പോലും ലഭിക്കാത്തതിനാൽ പിൻവാങ്ങാനുള്ള ആലോചനയിലാണ് ഒരു വിഭാഗം കെ സ്റ്റോർ നടത്തിപ്പുകാർ.