ബീഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡിൽ; വൻ വിവാദം,​ പിന്നാലെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

Saturday 08 November 2025 9:27 PM IST

പാട്ന: ബീഹാറിൽ കെട്ടുകണക്കിന് വിവിപാറ്ര് സ്ലിപ്പുകൾ (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) റോഡിൽ കണ്ടെത്തിയത് വൻ വിവാദത്തിന് കാരണമായി സമസ്തിപുരിലെ സരായ്‌രഞ്ജൻ മണ്ഡലത്തിലെ റോഡിലാണ് ചിതറിക്കിടക്കുന്ന നിലയിൽ വിവിപ്ലാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയത്. ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു.

സംഭവത്തിൽ സമസ്‌തിപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. സമസ്‌തിപൂർ ജില്ലാ മജിസ്ട്രേട്ട് സ്ഥലം സന്ദർശിച്ചു. മുഴുവൻ സ്ലിപ്പുകളും ശേഖരിച്ചു. സരായ്‌രഞ്ജൻ നിയമസഭാ മണ്ഡലത്തിലെ കെ.എസ്.ആർ കോളേജിനു സമീപമാണ് വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയത്.

എന്നാൽ ഇത് മോക് പോളിംഗിന് ഉപയോഗിച്ചതാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന നവംബർ ആറിന് തൊട്ടുമുൻപായി ഇവിഎമ്മിന്റെ പ്രവർത്തനം പരിശോധിക്കാൻ മോക് പോളിംഗ് നടത്തിയിരുന്നു. സ്ലിപ്പുകൾ അലക്ഷ്യമായി കൈകാര്യം ചെയ്‌തതിലാണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ നൽകിയത്. ആർജെഡിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആരുടെ നിർദ്ദേശത്തെ തുട‌ർന്നാണ് സ്ലിപ്പുകൾ റോഡിൽ ഉപേക്ഷിച്ചതെന്ന് അവർ ചോദിച്ചു.