വന്ദേഭാരത് വികസനത്തിന്റെ നാഴികക്കല്ല്: പ്രധാനമന്ത്രി

Sunday 09 November 2025 12:28 AM IST

ന്യൂഡൽഹി: വികസിത ഭാരത് യാത്രയിലെ നാഴികക്കല്ലാണ് വന്ദേഭാരത് ട്രെയിനുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

വന്ദേഭാരത് കാണുമ്പോൾ വിദേശികൾപോലും അത്ഭുതപ്പെടുന്നുണ്ട്. വന്ദേഭാരത്, നമോഭാരത്, അമൃത്‌ഭാരത് തുടങ്ങിയ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേയുടെ അടുത്ത തലമുറയ്ക്ക് അടിത്തറയിടുന്നത്. ആത്മീയ കേന്ദ്രങ്ങളായ പ്രയാഗ്‌രാജ്, അയോദ്ധ്യ, ഹരിദ്വാർ, ചിത്രകൂട്, കുരുക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ വന്ദേഭാരത് ശൃംഖല വഴി ബന്ധിക്കപ്പെടുകയാണ്. പൈതൃക നഗരങ്ങളെ ദേശീയ പുരോഗതിയുടെ പ്രതീകങ്ങളാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ബനാറസ്- ഖജുരാഹോ, ലഖ്‌നൗ- സഹരൻപൂർ, ഫിറോസ്പൂർ- ഡൽഹി എന്നിവയാണ് ഇന്നലെ സർവീസ് ആരംഭിച്ച മറ്റു ട്രെയിനുകൾ. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 160 കടന്നു. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും പങ്കെടുത്തു. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, രവ്‌നീത് സിംഗ് ബിട്ടു എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെയും പങ്കെടുത്തു.