ട്രിവാൻഡ്രം മെട്രോ...!
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരത്ത് മെട്രോയ്ക്കുള്ള അലൈൻമെന്റ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതോടെ തലസ്ഥാനത്തും മെട്രോ ട്രെയിൻ ഓടുമെന്നുറപ്പായി. ഇനി വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കി കേന്ദ്രാനുമതി നേടിയെടുത്താൽ മെട്രോയുടെ പണി തുടങ്ങാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതവും വിദേശവായ്പയുമടക്കം ഉപയോഗിച്ചായിരിക്കും മെട്രോ നിർമ്മിക്കുക. തമ്പാനൂർ ബസ് സ്റ്റാൻഡ്, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലൂടെയുള്ള മെട്രോ ലാഭകരവും ജനങ്ങൾക്ക് യാത്രാസൗകര്യം നൽകുന്നതുമായിരിക്കും.
പതിനൊന്ന് വർഷം ഫയൽക്കെട്ടിൽ കുരുങ്ങിക്കിടന്ന ശേഷമാണ് തലസ്ഥാനത്തെ മെട്രോയ്ക്ക് ജീവൻ വയ്ക്കുന്നത്. കരമന മുതൽ ടെക്നോസിറ്റി വരെയായിരുന്നു ആദ്യപാത. എന്നാൽ പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കൽ വരെയുള്ളതാണ് 31കി.മി ദൈർഘ്യമുള്ള പുതിയ അലൈൻമെന്റ്. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെ ബന്ധിപ്പിച്ചതോടെ 31,000-ത്തോളം ടെക്കികൾക്ക് നിത്യേന യാത്രാസൗകര്യമാവും. അവിടെ 360 ഐ.ടി കമ്പനികളും 60,000 ടെക്കികളുമുണ്ട്. അനുബന്ധ തൊഴിലാളികളടക്കം പ്രതിദിനം ഒന്നരലക്ഷം പേർ കഴക്കൂട്ടത്ത് വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് കണക്ടിവിറ്റിയുണ്ടെങ്കിൽ മെട്രോയാത്ര ജനങ്ങൾ ശീലമാക്കുമെന്നും പദ്ധതി ലാഭകരമാവുമെന്നുമാണ് വിലയിരുത്തൽ. 50നഗരങ്ങളിൽ പുതുതായി മെട്രോ ട്രെയിനുകൾ ഓടിക്കുകയാണ് തന്റെ വികസനസ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തിരുവനന്തപുരത്ത് അനുമതി ലഭിക്കുമെന്നുറപ്പാണ്.
പാപ്പനംകോട്ടുനിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, മെഡിക്കൽ കോളേജ്, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കും. 27 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. ടെക്നോപാർക്ക് ഫെയ്സ് വൺ ആണ് ഇന്റർചേഞ്ച് സ്റ്റേഷൻ. ഈഞ്ചയ്ക്കൽ ടെർമിനൽ സ്റ്റേഷനായിരിക്കും.തൂണുകളിലൂടെ കാന്തശക്തിയിൽ കടന്നുപോകുന്ന മോണോ റെയിലായിരുന്നു തിരുവനന്തപുരത്തിന് ആദ്യം ശുപാർശ ചെയ്തിരുന്നത്. അത് പ്രായോഗികമല്ലെന്ന് കണ്ടപ്പോൾ താരതമ്യേന ചെറിയ ലൈറ്റ് മെട്രോയിലേക്കു ചർച്ച നീണ്ടു. പദ്ധതിയുടെ ചുമതല കൊച്ചി മെട്രോയെ ഏൽപ്പിച്ചശേഷമാണ് തലസ്ഥാനത്തിന്റെ ഭാവി വളർച്ചകൂടി കണക്കിലെടുത്ത് മീഡിയം മെട്രോ എന്ന ആശയത്തിലേക്കു നീങ്ങിയത്. പദ്ധതിയുടെ ചെലവും ഏറ്റെടുക്കേണ്ട സ്ഥലം എത്രനാൾകൊണ്ട് പൂർത്തിയാക്കാൻ കഴിയും തുടങ്ങിയ വിശദമായ പദ്ധതിരേഖ കൊച്ചി മെട്രോ റെയിൽ കോർപറേഷനായിരിക്കും 3മാസത്തിനകം തയ്യാറാക്കുക. അംഗീകരിച്ച റൂട്ടിൽ രണ്ടുതരം പാതയ്ക്കുള്ള സാധ്യതയാണ് തേടുന്നത്. പൂർണമായും എലിവേറ്റഡ് ആയിട്ടുള്ള മെട്രോയും ചിലയിടങ്ങളിൽ അണ്ടർഗ്രൗണ്ട് കടന്നുപോകുന്ന മെട്രോയും ആണ് വിഭാവനം ചെയ്യുന്നത്. രണ്ടു പദ്ധതികളുടെയും ഡിപിആർ സർക്കാർ പരിഗണിക്കും. കേന്ദ്രസർക്കാരാണ് മെട്രോ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത്. കേന്ദ്രാനുമതി ലഭിച്ച ശേഷമായിരിക്കും ടെൻഡർ നടപടികളിലേക്ക് കടക്കുക.
വർഷങ്ങളുടെ കാത്തിരിപ്പ്
കൊച്ചിക്ക് മെട്രോ നൽകിയതിനു പിന്നാലെ വികസന സന്തുലിതാവസ്ഥ ഉറപ്പാക്കാൻ തലസ്ഥാനത്തിന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതാണ് മെട്രോ പദ്ധതി. നാലു വർഷം കൊണ്ട് മെട്രോ പൂർത്തിയാക്കാൻ ഡി.എം.ആർ.സിയുമായി ധാരണാപത്രം ഒപ്പിടുകയും ഡി.പി.ആറിന് 11കോടി ചെലവിടുകയും ചെയ്തതാണ്. 2014ലുണ്ടാക്കിയ ഡി.പി.ആർ 2017ൽ വീണ്ടും പുതുക്കി. ഇതിന് 2021ഫെബ്രുവരിയിൽ സർക്കാർ അംഗീകാരം നൽകി. എന്നാൽ പിന്നീട് പദ്ധതി ഫയലിൽ കുരുങ്ങി. ലൈറ്റ്മെട്രോ പദ്ധതിനടത്തിപ്പിന് രൂപീകരിച്ച കെ.ആർ.ടി.എല്ലിനെ ഒഴിവാക്കി പദ്ധതി നടത്തിപ്പ് കൊച്ചിമെട്രോയെ ഏൽപ്പിച്ചിട്ടുണ്ട്. ലൈറ്റ്മെട്രോയുടെ ഭാഗമായുള്ള ശ്രീകാര്യം, ഉള്ളൂർ, പട്ടം ഫ്ലൈഓവറുകൾക്ക് പ്രാഥമിക നടപടികൾ തുടങ്ങിയിട്ടുണ്ട്. തമ്പാനൂരിൽ മൂന്നുനില മേൽപ്പാലത്തിന്റെ ഡിസൈനും അംഗീകരിച്ചിരുന്നു. വിമാനത്താവളവും ടെക്നോപാർക്കും ഉൾപ്പെടുന്നതോടെ പദ്ധതി ലാഭകരമാവുമെന്നാണ് വിലയിരുത്തൽ. ഇതിനു മുന്നോടിയായി തലസ്ഥാനത്തെ റോഡ്-റെയിൽ-വ്യോമ-ജലഗതാഗത മാർഗങ്ങൾ സംയോജിപ്പിച്ചുള്ള സമഗ്ര ഗതാഗതപദ്ധതി തയ്യാറാക്കണം. പൊതുഗതാഗത സംവിധാനങ്ങൾ മെട്രോയ്ക്കൊപ്പം ചേർക്കാൻ സംയോജിത ട്രാൻസ്‌പോർട്ട് അതോറിട്ടിയും രൂപീകരിക്കണം.