'24 മണിക്കൂറും സേവനം വേണം'
Sunday 09 November 2025 12:46 AM IST
തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി ചികിത്സയോടെ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം 24 മണിക്കൂറും വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ.നാരായണൻ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി. ജില്ലയിൽ നിന്നും പുറത്തു നിന്നും റഫർ ചെയ്തുവരുന്ന രോഗികളെ പോലും നേരിട്ട് കാർഡിയോളജി വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ജനറൽ മെഡിസിൻ വിഭാഗത്തിലുള്ളവർ പരിശോധിച്ചശേഷമാണ് കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റുന്നത്. ഇതിന് സമയമെടുക്കുമെന്നതിനാൽ രോഗികളുടെ മരണത്തിന് പോലും ഇടയാക്കുന്നതായി ആരോപണമുണ്ട്. എച്ച്.ഡി.എസ് ചെയർമാനായ ജില്ലാ കളക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.