കുട്ടികളുടെ ഫുട്ബാൾ മേള നാളെ

Sunday 09 November 2025 12:47 AM IST

മാള: ശിശുദിനാഘോഷത്തിന്റെ ഭാഗമായി മാള ഉപജില്ല വികസനസമിതിയുടെ നേതൃത്വത്തിൽ കുരുന്നുകൾക്കായി ഒരുക്കുന്ന

ഫുട്‌ബാൾ മേള നാളെ കോട്ടക്കലിലെ വി.യുണൈറ്റഡ് ടർഫിൽ അരങ്ങേറും. ഒന്നാം ക്ലാസുകാരടക്കമുള്ള എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി ടർഫിൽ സംഘടിപ്പിക്കുന്ന ഫുട്‌ബാൾ മത്സരം സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. രാവിലെ എട്ടിന് മത്സരങ്ങൾ ആരംഭിക്കും. ഓരോ അരമണിക്കൂർ മത്സരത്തിനും 10 മിനിറ്റ് ആദ്യപകുതിയും എട്ട് മിനിറ്റ് രണ്ടാം പകുതിയും മൂന്ന് മിനിറ്റ് ഇടവേളയുമാണ്. സമനിലയാവുന്ന മത്സരങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ട് വഴിയാണ് വിജയിയെ കണ്ടെത്തുക. വീണ്ടും സമനില വന്നാൽ ടോസ് ചെയ്ത് വിജയികളെ കണ്ടെത്തും. 14ന് പുത്തൻചിറ നോർത്ത് സ്‌കൂളിൽ നടക്കുന്ന ശിശുദിനാഘോഷ പരിപാടിയിൽ സമ്മാനവിതരണം നടത്തും.