24ാം വയസിൽ നഗരമാതാവായി; മുർഷിദ അടുത്ത മത്സരത്തിനില്ല

Saturday 08 November 2025 10:14 PM IST

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ മുസ്ലിംലീഗ് നേതാവായിരുന്ന കൊങ്ങായി മുസ്തഫയുടെ മകൾ മുർഷിദക്ക് രാഷ്ട്രീയം വീട്ടുകാര്യമായിരുന്നെങ്കിലും തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. തളിപ്പറമ്പ് നഗരസഭയുടെ അദ്ധ്യക്ഷപദവി സ്ത്രീസംവരണമായപ്പോൾ മുസ്ലിം ലീഗ് നേതൃത്വം രണ്ടാമതൊന്ന് ആലോചിക്കാതെ മുർഷിദയുടെ പേര് പറഞ്ഞപ്പോൾ അംഗീകരിക്കേണ്ടിവന്നതാണ്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്നാണ് ഈ 29കാരി പറയുന്നത്.

സീതി സാഹിബ് ഹൈസ്‌കൂളിൽ പത്താം ക്ലാസ്സ് പഠനത്തിന് ശേഷം ഹൈവേയിൽ സ്വഹാബാ മസ്ജിന്റെ കീഴിലുള്ള അറബിക് കോളേജിൽ ഹദിയ കോഴ്സ് ചെയ്തു കൊണ്ടിരിക്കെയായിരുന്നു വിവാഹം. മൂന്ന് മക്കളുടെ മാതാവായി കുടുംബജീവിതം നയിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. മുസ്ലിം ലീഗിനും മേൽക്കോയ്മയുള്ള നഗരസഭയിൽ നേതൃത്വം ഒന്നടങ്കം കണ്ടെത്തിയ പേരായിരുന്നു മുർഷിദ കൊങ്ങായിയുടേത്. ജനപ്രീയനായിരുന്ന പിതാവ് കൊങ്ങായി മുസ്തഫയുടെ നേതൃഗുണം തന്നെയായിരുന്നു മുർഷിദയുടെ തിരഞ്ഞെടുപ്പിന് പിന്നിൽ. നാലാം വാർഡായ മുക്കോലയിൽ നിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ കാലങ്ങളിൽ പരിചയക്കുറവ് കുറച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും മുസ്ലിം ലീഗ് നേതാക്കളായ മുൻ നഗരസഭ ചെയർമാൻ മഹ്മൂദ് അള്ളാംകുളം,പി.കെ.സുബൈർ, പി.പി.മുഹമ്മദ് നിസാർ എന്നിവരുടെ പൂർണ്ണ പിന്തുണയും സഹകരണവും മുർഷിദയെ മുന്നോട്ടുനയിക്കുകയായിരുന്നു. ഭരണ പരമായ ചില അഭിപ്രായ വ്യത്യാസമൊഴിച്ചാൽ,ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ, ഉദ്യോഗസ്ഥരും ചേർന്ന് ഒറ്റകെട്ടായി,ഒരു കുടുംബം പോലെ കൊണ്ടുപോകാൻ കഴിഞ്ഞുവെന്നാണ് മുർഷിദയ്ക്ക് പറയാനുള്ളത്. പക്വതയോടെയാണ് ചെയർപേഴ്സൺ പടിയിറങ്ങുന്നതെന്ന അഭിപ്രായം തന്നെയാണ് മറ്റ് കൗൺസിലർമാർക്കുമുള്ളത്. ബിസിനസുകാരനായ ഭർത്താവ് അയ്യൂബിനും മക്കളായ മുസ്തഫ,ഫാത്തിമ,ഇസ്മയിൽ എന്നിവർക്കൊപ്പം ഇനി പൂർണമായി സമയം ചിലവിടാനാണ് മുർഷിദയുടെ തീരുമാനം.