അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിൽ വി പാർക്ക് ഒരുങ്ങുന്നു

Sunday 09 November 2025 4:10 AM IST

1 കോടി രൂപ അനുവദിച്ചു

വെള്ളറട: കുമ്പിച്ചൽകടവ് പാലത്തിന് താഴെ പില്ലറുകൾക്കിടയിലായി 'വി പാർക്ക്' നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. ഉദ്ഘാടനത്തിനു മുമ്പ് വൈറലായ കുമ്പിച്ചൽകടവ് പാലം കാണുന്നതിനായി പല ഭാഗത്തുനിന്നുമായി നിരവധി സഞ്ചാരികളാണ് ദിവസേന എത്തിച്ചേരുന്നത്.

കരിപ്പയാറിന്റെ മനോഹരമായ ദൃശ്യഭംഗിയിൽ മലയോര ഗ്രാമങ്ങളും ഗോത്രവർഗ ഉന്നതികളും നെയ്യാർ ഡാം റിസർവോയറും പശ്ചിമഘട്ട മലനിരകളുടെയും അഗസ്ത്യാർകൂടത്തിന്റെയും മനോഹരമായ വിദൂര ദൃശ്യങ്ങളും എല്ലാം കോർത്തിണക്കിയിരിക്കുന്ന മേഖലയാണിത്. കടവിനു കുറുകെയുള്ള പാലം ആദിവാസി ഊരുകളെ അമ്പൂരിയുമായി ബന്ധിപ്പിക്കുന്നു.

കേരളത്തിലെ ഒരു നദിക്ക് കുറുകെ നിർമ്മിക്കുന്ന ഏറ്റവും വലിയ പാലമാണ് കുമ്പിച്ചൽ കടവ് പാലം. കാരിക്കുഴി കടത്ത് കടവെന്നും ഈ കടവ് അറിയപ്പെടുന്നു. കുമ്പിച്ചൽ കടവിൽ ഒരു ദ്വീപുണ്ട്. ദ്വീപിൽ മനുഷ്യവാസം ഇല്ലെന്നാണ് പറയപ്പെടുന്നത്.

വിവിധ സൗകര്യങ്ങളോടെ

തോണി കയറി അക്കരെയെത്തിയാൽ അൽഫോൻസാമ്മയുടെ കുരിശടി കാണാം. ഒരു കിലോമീറ്ററിനപ്പുറം അൽഫോൻസാമ്മയുടെ പേരിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ പള്ളിയുമുണ്ട്. ഇവിടെ നിർമ്മിക്കുന്ന വി പാർക്കിൽ കഫറ്റീരിയ, ചിൽഡ്രൻസ് പാർക്ക്, ഗെയിംസോൺ, ബോട്ട് ഡെക്ക്, റീഡി്ഗ് കോർണർ, സെൽഫി പോയിന്റ്, ആർട്ടിയ പെയിന്റിംഗുകൾ, വൈദ്യുത ദീപാലങ്കാരം തുടങ്ങി വിവിധ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ നിർമ്മാണ പ്രവർത്തനമാരംഭിക്കുമെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.