പാർലമെന്റ് ശീതകാല സമ്മേളനം ഡിസം. 1 മുതൽ 19 വരെ
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ നടക്കും. കേന്ദ്രസർക്കാരിന്റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യമറിയിച്ചത്. എന്നാൽ, സഭാ സമ്മേളനം അസാധാരണമായ രീതിയിൽ വൈകിപ്പിക്കുകയാണെന്നും ദിവസങ്ങൾ വെട്ടിച്ചുരുക്കിയെന്നും കോൺഗ്രസ് ആരോപിച്ചു. ശനിയും, ഞായറും അവധി ദിനങ്ങളായതിനാൽ 15 ദിവസം മാത്രമാണ് സമ്മേളനം നടക്കുകയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ പ്രതിയായി 30 ദിവസം കസ്റ്രഡിയിൽ കഴിയുന്ന നേതാക്കളെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി പദവികളിൽ നിന്ന് നീക്കുന്ന ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ജെ.പി.സി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) റിപ്പോർട്ട് ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ സഭയിൽ വയ്‌ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ), വോട്ടുക്കൊള്ള ആരോപണം തുടങ്ങിയവ ഉയർത്തി പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടേക്കും.
ഇംപീച്ച്മെന്റ് വരുമോ ?
ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്മെന്റ് നടപടി വരുമോയെന്നതും നിർണായകമാണ്. യശ്വന്ത് വർമ്മ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയിരുന്നു. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയാണ്. സുപ്രീംകോടതി സിറ്രിംഗ് ജഡ്‌ജി അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്‌തവ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതി ആരോപണങ്ങൾ പരിശോധിക്കുകയാണ്. സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഇംപീച്ച്മെന്റ് പ്രമേയം ലോക്‌സഭാ സ്‌പീക്കർ മാറ്റിവച്ചിരിക്കുകയാണ്.