ജയിലിൽ സുഖവാസം; കൊടുംകുറ്റവാളികൾക്ക് സ്മാർട്ട് ഫോൺ, ടി.വി

Sunday 09 November 2025 4:15 AM IST

ബംഗളൂരു: പാചകം ചെയ്യുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ടി. വി കാണുന്നു.. ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു. സുഖവാസ കേന്ദ്രമല്ല. കർണാടക പരപ്പന അഗ്രഹാര ജയിലിലാണ്. അവിടെ തടവുകാർക്ക് സുഖവാസം. സീരിയൽ കില്ലർ,​ ക്രിമിനൽ കേസുകളിലെ പ്രതികൾ തുടങ്ങിയവർക്ക് ലഭിക്കുന്നത് വി.ഐ.പി പരിഗണന. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സീരിയൽ കില്ലറും മാനഭംഗക്കേസിലെ പ്രതിയുമായ ഉമേഷ് റെഡ്ഡി,​ എൻ.ഐ.എ പിടികൂടിയ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ,​ കന്നട നടി രന്യ റാവു ഉൾപ്പെട്ട വൻ സ്വർണക്കടത്ത് കേസിലെ പ്രതിയായ തരുൺ രാജു തുടങ്ങിയവരെല്ലാം ജയിൽ ജീവിതം അടിച്ചുപൊളിക്കുകയാണ്.

ഉമേഷ് റാവു ഉപയോഗിക്കുന്നത് രണ്ട് ആൻഡ്രോയിഡ് ഫോണുകളാണ്. ജയിലിൽ ഒരു തടവുകാരനും അധിക പരിഗണന നൽകരുതെന്ന സുപ്രീംകോടതിയുടെ താക്കീത് നിലനിൽക്കെയാണ് പുതിയ സംഭവം. ആരാധകനെ കൊന്ന കേസിൽ തടവുകാരനായ നടൻ ദർശൻ തെഗുദീപയുടെ കേസിലായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. ദർശൻ പുൽത്തകിടിയിൽ സിഗരറ്റും വലിച്ച് കാപ്പി കപ്പുമായി ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ, സമാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് മറ്റു ജയിലുകളിൽ തടവുകാർ പ്രതിഷേധിച്ചു. ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ ദർശനെ ബെള്ളാരി ജയിലിലേക്കു മാറ്റി. വിഐപി സൗകര്യം ഒരുക്കിയതിനു പാരപ്പന അഗ്രഹാര ജയിലിലെ 9 ഉദ്യോഗസ്ഥർക്കു സസ്‌പെൻഷനും ലഭിച്ചു.

അന്വേഷണം ആരംഭിച്ചു

ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജയിൽ ഡയറക്ടർ ജനറൽ ബി. ദയാനന്ദ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.