പത്താംക്ലാസുകാരനുമായി യുവതി നാടുവിട്ടു, ഊട്ടിയിൽ റൂമെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു
ചെന്നൈ : പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവതിയ്ക്ക് 54 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി.
2021ലാണ് കേസിനാസ്പദമായ സംഭവം. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിലെ അങ്കണവാടിയിൽ പാചകക്കാരിയായ ലളിതയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വേർപിരിക്കാനായി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെ നിന്ന് ബാലനെ കാണാതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വേളാങ്കണ്ണിയിൽ വച്ച് ഇരുവരെയും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽ റൂമിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിച്ചു.