അജന്യ.എസ്.അജി @ 21: മലയിൻകീഴിലെ 'കുട്ടി സ്ഥാനാർത്ഥി'
മലയിൻകീഴ്: ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 21ന്റെ മധുരവുമായാണ് അജന്യ.എസ്.അജി, മലയിൻകീഴ് പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.തച്ചോട്ടുകാവ് മച്ചിനാട് അജി ഭവനിൽ ഡ്രൈവറായ അജിയുടെ മൂത്തമകളാണ് അജന്യ (21).തച്ചോട്ടുകാവ് ഒന്നാം വാർഡിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.മലയിൻകീഴ് മാധവ കവി സ്മാരക ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ബിരുദ (മാത്ത്സ്)വിദ്യാർത്ഥിയാണ്.
പാർട്ടി കുടുംബത്തിലെ അംഗമായ അജന്യ,എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി അംഗവും കോളേജിലെ മൂന്നാം വർഷ പ്രതിനിധിയുമാണ്.തച്ചോട്ടുകാവ് വാർഡ് സ്ത്രീ സംവരണമായപ്പോൾ തന്നെ സ്ഥാനാർത്ഥി അജന്യയാണെന്ന് മലയിൻകീഴിലെ സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നു.
21-ാം വയസ് പൂർത്തിയായ ദിനം നേതാക്കൾ വിവരമറിയിക്കാൻ വീട്ടിലെത്തി.വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മികവാണ് പാർട്ടി സ്ഥാനാർത്ഥിയാകാൻ അജന്യയ്ക്ക് അവസരം ഒരുക്കിയത്.
വാർഡിലെ വോട്ടർമാരെ നേരിൽ കണ്ടുള്ള ഒന്നാംഘട്ടം പര്യടനം പൂർത്തിയാക്കിയ അജന്യ,വിജയ സാദ്ധ്യത മാത്രമല്ല വൻ ഭൂരിപക്ഷവും ലഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്.അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായതിന്റെ അമ്പരപ്പൊന്നും അജന്യക്കില്ലെന്നാണ് സി.പി.എം നേതാക്കളായ രാജീവും,എസ്.സുരേഷ് ബാബുവും പറയുന്നത്.
സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന എസ്.സംഗീതയാണ് അജന്യയുടെ മാതാവ്.സഹോദരി : അനന്യ എസ്.അജി മലയിൻകീഴ് ഗവ.കോളേജിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തച്ചോട്ടുകാവ് വാർഡ് കോൺഗ്രസിൽ നിന്ന് ഇടതുപക്ഷം തിരിച്ച് പിടിച്ചിരുന്നു.1600 വോട്ടാണ് വാർഡിലുള്ളത്.