ട്രാൻസ്‌പോർട്ട് ബസിലെ പീഡനം: കേസെടുത്ത് പൊലീസ്

Sunday 09 November 2025 1:35 AM IST

മലയിൻകീഴ്: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കു നേരെയുണ്ടായ പീഡനശ്രമത്തിൽ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 7ന് തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോയ ബസിലുണ്ടായ സംഭവത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. തുടർന്ന് വിളപ്പിൽശാല പൊലീസിന് കൈമാറി.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലുള്ള പെൺകുട്ടിയെയും അതിക്രമം കാണിച്ച ആളെയും പറ്റിയുള്ള അന്വേഷണം ഇന്നലെ രാവിലെയാണ് വിളപ്പിൽശാല പൊലീസ് ആരംഭിച്ചത്.

അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തുകയും,ഫോണിൽ വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. യുവതി പൂജപ്പുര പൊലീസ് സ്റ്റേഷനടുത്തായതിനാലാണ് അവിടേക്ക് മൊഴി നൽകിയത്.

പൂജപ്പുര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കുറ്റകൃത്യം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയായ വിളപ്പിൽശാലയിലേക്ക് കേസ് കൈമാറി. തിരുവനന്തപുരത്തു നിന്നാണ് പെൺകുട്ടിയും യുവാവും ബസിൽ കയറുന്നത്. അടുത്തിരുന്ന ഇയാളുടെ നോട്ടത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പെൺകുട്ടി ആദ്യം ഭയന്നിരുന്നു. തുടർന്നാണ് സുരക്ഷ മുൻനിറുത്തി തെളിവിനായി മൊബൈൽ ഫോൺ ഓൺ ചെയ്ത് സംഭവങ്ങൾ പകർത്തിയത്.

പേയാട് ഭാഗത്ത് എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചത്. ഇത് പകർത്തുന്നതിനിടെയാണ് ഇയാൾ അപ്രതീക്ഷിതമായി വസ്ത്രത്തിനുള്ളിൽ കൈകടത്തി അതിക്രമം നടത്തിയത്.ഈ സമയം പെൺകുട്ടി ഇയാളുടെ കൈ തട്ടിയെറിയുകയും ഇയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു.

എന്നാൽ സംഭവം നടക്കുമ്പോൾ മറ്റു യാത്രക്കാർ പ്രതികരിച്ചിരുന്നില്ല. ഒന്നുകിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്നും അല്ലെങ്കിൽ ഇവിടെ ഇറങ്ങണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ഈ സമയം യുവാവ് പേയാട് ഭാഗത്ത് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് ഈ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയും വൈറലാവുകയും ചെയ്തത്. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉചിതമായ നടപടി സ്വീകരിക്കാനും വിളപ്പിൽശാല പൊലീസിന് നിർദ്ദേശം നൽകിയത്. പൊലീസ് പ്രതിക്കായുള്ള അന്വേഷണത്തിലാണ്.