ഗോൾഡൻവാലി നിധി തട്ടിപ്പ്: മുഖ്യപ്രതി താരയെ വീണ്ടും അറസ്റ്റ് ചെയ്തു

Sunday 09 November 2025 2:51 AM IST

തിരുവനന്തപുരം: നിക്ഷേപകർക്ക് തുക മടക്കി നൽകാമെന്ന ഉപാധികളോടെ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഗോൾഡൻവാലി നിധിനിക്ഷേപ തട്ടിപ്പുകേസ് പ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ​ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര.എം (51,​താര കൃഷ്ണൻ) നെയാണ് അറസ്റ്റ് ചെയ്തത്. തമ്പാനൂർ എസ്.എച്ച്.ഒ ജിജു കുമാർ. പി.ഡിയാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി കാനഡയിലേക്ക് കടന്ന താരയെ കഴിഞ്ഞ 29നാണ് തമ്പാനൂർ പൊലീസ് സംഘം ബം​ഗളൂരു എയർപോർട്ടിൽ നിന്ന് പിടികൂടിയത്. തുടർന്ന് പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന ഉപാധികളോടെ കോടതിയിൽനിന്ന് കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യം നേടി. എന്നാൽ പുറത്തിറങ്ങിയിട്ടും പണം നൽകാതെവന്നതോടെ തമ്പാനൂർ പൊലീസിൽ കൂടുതൽ പരാതികളെത്തി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

കുവൈറ്റിലേക്ക് മുങ്ങിയ മറ്റൊരു ഡയറക്ടർ കെ.ടി. തോമസിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഇവരോടൊപ്പമുള്ള മറ്റ് 2 ഡയറക്ടർമാർക്ക് വേണ്ടിയുള്ള അന്വേഷണവും ശക്തമാക്കി. ഫോർട്ട് എ.സി. ബിനുകുമാർ.സി, തമ്പാനൂർ എസ്.എച്ച്.ഒ ജിജു കുമാർ. പി.ഡി,എസ്.ഐ. ബിനു മോഹൻ,സി.പി.ഒ അരുൺ കുമാർ.കെ, വനിതാ സി.പി.ഒമാരായ സയന,ഗീതു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാർഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.