താളംതെറ്റിയ മനസുകൾക്ക് തണലായി ഹോം എഗെയ്ൻ

Saturday 08 November 2025 11:56 PM IST

മുഹമ്മ: കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി ഒരുക്കിയ ഹോം എഗെയ്ൻ കേന്ദ്രം ശ്രദ്ധേയമാകുന്നു. ചെന്നെയിലെ മെഹക് ഫൗണ്ടേഷന്റെ ബാനിയൻ ഹോം എഗെയ്ൻ പദ്ധതി പ്രകാരമാണ് മുഹമ്മയിലെ ഈ മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഒരു അന്യസംസ്ഥാനക്കാരി ഉൾപ്പടെ അഞ്ച് അന്തേവാസികളാണ് ഇപ്പോൾ ഇവിടെയുള്ളത്. 2022 ലാണ് മുഹമ്മ പഞ്ചായത്ത് തടുത്തുവെളിയിലെ വ്യവസായ കേന്ദ്രത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ഹോം എഗെയ്ൻ പ്രവർത്തനം തുടങ്ങിയത്.

കെട്ടിടവും വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും പഞ്ചായത്താണ് നൽകുന്നത്.

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവരും എന്നാൽ,​ വീട്ടിലെ അസൗകര്യങ്ങൾ കൊണ്ടും ബന്ധുക്കൾ തിരസ്കരിച്ചവരെയുമാണ് ഇവിടെ പരിചരിക്കുന്നത്. താമസൗകര്യത്തിന് പുറമേ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയും ഇവിടെ ലഭ്യമാണ്. മാസത്തിൽ ഒരുതവണ വിദഗ്ദ്ധ ഡോക്ടരുടെ സേവനവും ലഭിക്കും. ഇത്തരത്തിൽ ഒരുകുടുംബം പോലെ കഴിയുമ്പോഴും,​ അവരുടെ മനസ് നിറയെ ഉറ്റവരെക്കുറിച്ചും സ്വന്തം വീടിനെക്കുറിച്ചുമുള്ള വാടാത്ത ഓമ്മകളാണ്. അവരുടെ കണ്ണിലെ നിസഹായതയും വാക്കിലെ വേദനയും ആരുടെയും മനസ് ഉലയ്ക്കും. സോഷ്യൽ വർക്കറായ ജിയ, പി.എമാരായ സിന്ധു,​ വിനോദിനി എന്നിവരുടെ സംരക്ഷണയിലാണ് അന്തേവാസികൾ കഴിയുന്നത്.