ഭർത്താവിന് ജീവപര്യന്തം കഠിനതടവും പിഴയും

Saturday 08 November 2025 11:59 PM IST

തിരുവനന്തപുരം : പരപുരുഷ സംശയത്തിന്റെ പേരിൽ നാല് മക്കളുടെ അമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ 60 കാരനായ ഭർത്താവ് അയിരൂർ മുത്താന ലക്ഷം വീട് കോളനി സ്വദേശി അശോകനെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിന തടവിനൊപ്പം 10 വർഷം അധിക തടവ് ശിക്ഷിച്ചെങ്കിലും പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിന തടവ് മാത്രം അനുഭവിച്ചാൽ മതി. മൂന്ന് പെൺകുട്ടികൾ അടക്കം നാല് കുട്ടികളുടെ മാതാവായ ലീല(45) യെയാണ് പ്രതി മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ച് കൊലപ്പെടുത്തിയത്. 2024 ഫെബ്രുവരി 25 നായിരുന്നു സംഭവം. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ലീല മടങ്ങി വരാൻ വൈകിയതിനെച്ചൊല്ലി പ്രതി ലീലയുമായി വഴക്കിട്ടിരുന്നു. ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളിച്ച് വീടിന് പുറത്തേക്ക് പാഞ്ഞ ലീലയെ രക്ഷിക്കാൻ മകൻ അനിൽ ശ്രമിച്ചെങ്കിലും അനിലിനും പൊള്ളലേറ്റിരുന്നു. ഒരുവശം ഭാഗികമായി തളർന്ന അശോകന് കുറച്ച് നാളായി ജോലിക്കൊന്നും പോകാൻ കഴിഞ്ഞില്ല. പ്രോസിക്യൂഷന് വേണ്ടി വേണി ഹാജരായി.