ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തുന്നവരോട്... വിമർശനവുമായി ഹരീഷ് പേരടി

Friday 04 October 2019 9:34 AM IST

വണ്ണം കൂടിയതിന്റെയോ കുറഞ്ഞതിന്റെയോ പേരിൽ പരിഹസിക്കപ്പെടുന്ന നിരവധിയാളുകൾ സമൂഹത്തിലുണ്ട്. പൊതുവെ ഇത്തരത്തിലുള്ള ബോഡി ഷെയ്മിംഗ് കൂടുതലായി കണ്ടുവരുന്നത് സിനിമ മേഖലയിലാണ്. നടി​​​​​​-നടന്മാരുടെ ശരീരപ്രകൃതിയെപ്പറ്റിയുള്ള പരിഹാസങ്ങൾ നിരവധിയാണ്. എന്തിനേറെപ്പറയുന്നു നടൻ മോഹൻലാലിനെതിരെ വരെ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ബോഡി ഷെയിമിംഗ് ഉണ്ടായിട്ടുണ്ട്.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലെ ലൊക്കേഷനിൽ മോഹൻലാൽ ഒരു കസേരയിൽ ഇരിക്കുന്ന ചിത്രത്തെയാണ് തടി കൂടുതൽ ആണെന്ന് കാട്ടി കുറച്ചുപേർ സോഷ്യൽ മീഡിയയിലൂടെ ട്രോളുകളും കളിയാക്കലും ആയി എത്തിയത്. ഇതിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

കുഞ്ഞാലി മരയ്ക്കാറിൽ മോഹൻലാലിനൊപ്പം ഹരീഷ് പേരടിയും അഭിനയിച്ചിരുന്നു. മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചും ബോഡി ഷെയ്‌മിംഗിനെക്കുറിച്ചുമുള്ളതാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് താനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹരീഷ് പേരടി കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് ... ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി ... ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്... അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്... അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്.... നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ... ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു... ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം...