ഐ.എഫ്.എഫ്.ഐ: ഇന്ത്യൻ പനോരമയിൽ 3 മലയാള സിനിമകൾ
ന്യൂഡൽഹി: 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (ഐ.എഫ്.എഫ്.ഐ) ഇന്ത്യൻ പനോരമയിലേക്ക് മൂന്ന് മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. 'തുടരും', 'അജയന്റെ രണ്ടാം മോഷണം' (എ.ആർ.എം), 'സർക്കീട്ട്' എന്നിവ. മോഹൻലാലും ശോഭനയും ഇടവേളയ്ക്കു ശേഷം ഒരുമിച്ചെത്തിയ 'തുടരും' സംവിധാനം ചെയ്തത് തരുൺ മൂർത്തിയാണ്. ജിതിൻ ലാൻ സംവിധാനം ചെയ്ത എ.ആർ.എമ്മിൽ ടൊവിനോ തോമസാണ് മുഖ്യ വേഷത്തിൽ. കെ.വി താമർ ഒരുക്കിയ സർക്കീട്ടിൽ ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന വേഷത്തിൽ .നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ഉൾപ്പെട്ട അഞ്ച് ഇന്ത്യൻ സിനിമകളിലൊന്നാണ് എ.ആർ.എം. മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരത്തിനായി മത്സരിക്കുന്ന സിനിമകളുടെ വിഭാഗത്തിൽ സർക്കീട്ട് ഉൾപ്പെട്ടു. മത്സര വിഭാഗത്തിലെ 15 സിനിമകളിൽ സർക്കീട്ട് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സിനിമകളാണുള്ളത്. തമിഴ് സിനിമ 'അമരൻ', മറാഠി സിനിമ 'ഗൊന്തൽ' എന്നിവയും മത്സര വിഭാഗത്തിലുണ്ട്. ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 240 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ബ്രസീലിയൻ സിനിമ 'ദി ബ്ലൂ ട്രെയിൽ' ആണ് ഉദ്ഘാടന ചിത്രം. ബോളിവുഡ് സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്‌റ അദ്ധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണ്ണയിക്കുക. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന നടൻ രജനികാന്തിനെ മേളയിൽ ആദരിക്കും.