റഷ്യൻ എണ്ണ ഉപരോധം : ഹംഗറിക്ക് യു.എസിന്റെ ഇളവ്

Sunday 09 November 2025 7:11 AM IST

വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്താൻ ഇന്ത്യയ്ക്ക് മേൽ തീരുവകൾ അടക്കം ചുമത്തി സമ്മർദ്ദം തുടരുന്നതിനിടെ, യൂറോപ്യൻ രാജ്യമായ ഹംഗറിക്ക് ഇളവ് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

യു.എസ് ഉപരോധം ഏർപ്പെടുത്തിയ റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്‌റ്റ്, ലൂക്കോയിൽ എന്നിവയിൽ നിന്ന് ഹംഗറിക്ക് ഇറക്കുമതി തുടരാമെന്ന് ട്രംപ് പറഞ്ഞു. ഒരു വർഷത്തേക്കാണ് ഇളവ്. ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

റോസ്‌നെഫ്‌റ്റിനും ലൂക്കോയിലിനും ഉപരോധം ചുമത്തിയതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞിരുന്നു. കമ്പനികളിൽ നിന്ന് എണ്ണ വാങ്ങുന്നവർക്കും ഉപരോധം ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

പൈപ്പ് വഴി റഷ്യൻ വാതക, എണ്ണ ഇറക്കുമതിയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഹംഗറി. ഇറക്കുമതി നിറുത്തുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് ഒർബാൻ ട്രംപിനെ അറിയിച്ചു. യു.എസിൽ നിന്ന് 60 കോടി ഡോളറിന്റെ എൽ.എൻ.ജി വാങ്ങാനും ഒർബാൻ ധാരണയായി.

# റഷ്യൻ എണ്ണ ഇറക്കുമതി

 ഹംഗറി - 86%

 ഇന്ത്യ - 33 - 36%