55,000 രൂപവരെ കിട്ടും, കൈനിറയെ ശമ്പളം; 19 വയസ് കഴിഞ്ഞവർക്ക് സർക്കാർ ജോലി

Sunday 09 November 2025 11:07 AM IST

കേരള സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ ഉയർന്ന ശമ്പളത്തോടുകൂടി ജോലി നേടാൻ സുവർണാവസരം വന്നെത്തി. ബോട്ട് ലാസ്‌കർ തസ്തികയിലേക്കാണ് ഒഴിവ്. താൽപര്യമുളളവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈ​റ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഡിസംബർ മൂന്നുവരെ അപേക്ഷിക്കാൻ സാധിക്കും. 421/2025 ആണ് കാ​റ്റഗറി നമ്പർ. 19നും 36നും ഇടയിൽ പ്രായമുളളവർക്ക് (02.09.1989 നും 01.01.2006നും ഇടയിൽ ജനിച്ചവർ) അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,400 മുതൽ 55,200 രൂപ വരെ ശമ്പളമായി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് മലയാളത്തിലോ തമിഴിലോ കന്നടയിലോ എഴുതാനും വായിക്കാനുമുളള കഴിവുണ്ടായിരിക്കണം. നിലവിൽ ലാസ്‌കേഴ്സ് ലൈസൻസ് കൈവശം ഉണ്ടായിരിക്കണം. നിയമിക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷക്കാല സേവനത്തിനിടയിൽ ആകെ രണ്ടു വർഷം പ്രൊബേഷൻ കാലാവധിയിൽ തുടരണം.

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ അപ്ലൈ നൗവിൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.