രണ്ട് നാരങ്ങ മതി; അടുക്കളയിലെ ദുർഗന്ധം മിനിട്ടുകൾക്കുള്ളിൽ അകറ്റാം, പാറ്റയും പല്ലിയും പരിസരത്ത് വരില്ല
എത്ര തന്നെ വൃത്തിയാക്കിയാലും അടുക്കളയിൽ രൂക്ഷഗന്ധവും ദുർഗന്ധവും അവശേഷിക്കുന്നു. പ്രത്യേകിച്ച് മീൻ കറി, ചിക്കൻ പോലുള്ളവയുടെ ഗന്ധം. ഇത് ഒഴിവാക്കാൻ പലരും കെമിക്കൽ നിറഞ്ഞ എയർ ഫ്രഷ്ണറുകളാണ് ഉപയോഗിക്കുന്നത്. അടുക്കളയിൽ ഉണ്ടാകുന്ന രൂക്ഷഗന്ധത്തിന് പ്രകൃതിദത്തമായി തന്നെ പരിഹാരം തേടാനാകും. എന്നാൽ അധികമാർക്കും അതിനെക്കുറിച്ച് അറിയില്ല. അതിനായി അടുക്കളയിൽ സുലഭമായി കാണുന്ന നാരങ്ങയും ഗ്രാമ്പൂവും ഉപയോഗിക്കാം. ഇത് അടുക്കളയിലെ ശല്യക്കാരായ ഈച്ചയെയും പ്രാണികളെയും വരെ അകറ്റുന്നു.
ആവശ്യമായ സാധനങ്ങൾ
- നാരങ്ങ - രണ്ട് (സ്ലെെസ് ചെയ്തത്)
- ഗ്രാമ്പൂ - 10 എണ്ണം
- വെള്ളം - 2-3 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ 2 - 3 കപ്പ് വെള്ളം എടുക്കുക. ശേഷം ഇതിൽ നാരങ്ങ വട്ടത്തിൽ മുറിച്ച് ചേർക്കാം. ഇതിലേക്ക് ഗ്രാമ്പൂകൂടി ചേർത്ത് പാത്രം അടുപ്പിൽ വച്ച് ചെറുതീയിൽ ചൂടാക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോൾ തീ അണച്ച് അത് തണുക്കാൻ മാറ്റിവയ്ക്കാം. ഈ മിശ്രിതം തണുത്തതിന് ശേഷം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റണം.
ഇനി അടുക്കളയിൽ ദുർഗന്ധം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്യുക. ഇതിലെ നാരങ്ങയുടെയും ഗ്രാമ്പൂവിന്റെയും മണം പാറ്റകളെയും പല്ലികളെയും തുരത്താൻ സഹായിക്കും. ഒപ്പം ദുർഗന്ധവും പോകും. പാചകം ചെയ്യുമ്പോഴും പാചകം ചെയ്തതിന് ശേഷവും ഈ സ്‌പ്രേ ഉപയോഗിക്കാം.