ചെക്ക്  ഇൻ  ബാഗിൽ ഇയർബഡുകൾ ഉണ്ടോ? എങ്കിൽ വിമാനയാത്ര മുടങ്ങാൻ സാദ്ധ്യത, വിലക്കുമായി എയർലെെനുകൾ

Sunday 09 November 2025 2:44 PM IST

തായ്‌പേയ് സിറ്റി: സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ആപ്പിളിന്റെ എയർപോഡുകളും ബ്ലൂടൂത്ത് ഇയർബഡുകളും ചെക്ക് ഇൻ ബാഗിൽ കൊണ്ടുപോകുന്നത് നിരോധിച്ച് എയർലെെനുകൾ. തായ്‌വാനിലെ മുൻനിര വിമാനക്കമ്പനികളായ ഇവാ എയർ, യുഎൻഐ എയർ, ടെെഗർ എയർ തായ്‌വാൻ എന്നിവയാണ് വിലക്ക് ഏർപ്പെടുത്തിയത്. ലിഥിയം ബാറ്ററികൾ വിമാനയാത്രക്കിടെ അമിതമായി ചൂടാകാനും തീപിടിക്കാനും സാദ്ധ്യയുള്ളതിനാലാണ് വിലക്ക്.

വിമാനത്തിലെ സുരക്ഷിതമായ യാത്രയെ പരിഗണിച്ച് ഇയർബഡുകൾ ചാർജിംഗ് കേസുകൾ, ബിൽറ്റ്- ഇൻ ലിഥിയം, അയൺ ബാറ്ററികളുള്ള ഇലക്ട്രിക് ഫാനുകൾ തുടങ്ങിയ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ചെക്ക് ഇൻ ബാഗിൽ കൊണ്ടുപോകാൻ പാടില്ലെന്നും അവ ഹാൻഡ്ബാഗിൽ മാത്രമേ സൂക്ഷിക്കാവൂവെന്നുമാണ് നിർദേശം. ഹാൻഡ്‌ബാഗിൽ പൂർണമായും ഓഫാക്കിയ നിലയിൽ വേണം ഇവ കൊണ്ടുപോകാനെന്നും എയർലെെൻ കമ്പനികൾ അറിയിച്ചിട്ടുണ്ട്. പവർ ബാങ്കുകൾ പൊട്ടിത്തെറിച്ച് വിമാനത്തിന് തീപിടിച്ച് സംഭവങ്ങൾക്ക് ശേഷമാണ് തായ്‌വാന്റെ തീരുമാനം.