'ഥാറും ബുള്ളറ്റും ഓടിക്കുന്നവർ പ്രശ്‌നക്കാർ', ഹരിയാന ഡിജിപിയുടെ പരാമർശം വിവാദമായി

Sunday 09 November 2025 4:03 PM IST

ചണ്ഡീഗഢ്: ഥാർ, ബുള്ളറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ പ്രശ്നക്കാരാണെന്ന ഹരിയാന പൊലീസ് മേധാവി ഒ പി സിംഗ് നടത്തിയ പരാമർശം വിവാദത്തിൽ. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. സുരക്ഷാപരിശോധനയ്ക്കിടെ എല്ലാ വാഹനങ്ങളും ചിലപ്പോൾ പൊലീസിന് തടയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു ഥാറോ ബുള്ളറ്റോ ശ്രദ്ധയിൽപ്പെട്ടാൽ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നായിരുന്നു സിംഗിന്റെ പരാമർശം.

'ഞങ്ങൾ എല്ലാ വാഹനങ്ങളും പരിശോധിക്കാറില്ല. എന്നാൽ അതൊരു ഥാർ ആണെങ്കിൽ എങ്ങനെ വെറുതെ വിടും? അതൊരു ബുള്ളറ്റ് ആണെങ്കിലോ.. എല്ലാ പ്രശ്നക്കാരും ഇത്തരം കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത്. ഥാർ ഓടിക്കുന്നവർ റോഡിൽ അഭ്യാസപ്രകടനങ്ങളും നടത്തുന്നു' - ഡിജിപി ഒ പി സിംഗ് പറഞ്ഞു. ഥാർ ഓടിക്കുന്നവർ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഥാര്‍ ഒരു കാര്‍ മാത്രമല്ല, 'ഇങ്ങനെയാണ് ഞാന്‍' എന്ന് പറയുന്ന ഒരു പ്രസ്താവന കൂടിയാണ്. ഈ പ്രവണത ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പോലീസുകാരുടെ ഒരു പട്ടികയെടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആര്‍ക്കാണോ അത് ഉള്ളത്, അയാള്‍ക്ക് ഭ്രാന്തായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകാനാവില്ല. നിങ്ങള്‍ ഗുണ്ടായിസം കാണിച്ചാലും പിടിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കേണ്ട. റോഡിലെ അഭ്യാസപ്രകടനങ്ങൾക്ക് അതിന്റെ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറ‌ഞ്ഞു.

അതേസമയം, സോഷ്യൽമീഡിയയിൽ പൊലീസ് മേധാവിയുടെ വാക്കുകൾ വൻതോതിൽ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. അദ്ദേഹത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. റോഡപകടങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത് എന്നാണ് ഒരുകൂട്ടർ അഭിപ്രായപ്പെടുന്നത്. മറ്റു ചിലർ മോശം റോഡിനെക്കുറിച്ച് ഒന്നും പറയാനില്ലേയെന്നും ഇത്തരം തെറ്റായ പ്രസ്താവന നടത്തരുത് എന്നും പറയുന്നു.