പ്രായമായ സ്ത്രീകളെ കേന്ദ്രീകരിച്ച് മോഷണം..... പൊന്നിലാണ് കണ്ണ്,  കൊല്ലാനും മടിക്കില്ല

Monday 10 November 2025 12:26 AM IST

കോട്ടയം : പൊന്നിന് വില കൂടിയതോടെ പ്രായമായ സ്ത്രീകളെ ആക്രമിച്ചും, ഭീഷണിപ്പെടുത്തിയും കൊള്ളയടിക്കുന്ന സംഘം ജില്ലയിൽ സജീവമായി. കഴിഞ്ഞ ആഴ്ച നാഗമ്പടത്ത് സ്ത്രീയെ അക്രമിച്ച് സ്വർണം കവർന്നതിന് പിന്നാലെയാണ് ഇന്നലെ കുറിച്ചിയിൽ വൃദ്ധയുടെ വള മോഷ്ടിച്ചത്. ഒരുതരിപ്പൊന്നു കിട്ടിയാലും വലിയ വിലയാണെന്നതാണ് കള്ളന്മാരെ മോഹിപ്പിക്കുന്നത്. സ്വർണം തട്ടിയെടുക്കാൻ അന്യസംസ്ഥാന മോഷണ സംഘം ജില്ലയിലേയ്ക്ക് കടന്നിട്ടുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. അവസരം മുതലെടുത്ത് നാട്ടിൻ പുറത്തെ കള്ളന്മാരും രംഗത്തുണ്ട്. സ്വർണാഭരണങ്ങൾ ധരിക്കുന്നതിലും വീടുകളിൽ സൂക്ഷിക്കുന്നതിലും ജാഗ്രത വേണമെന്നാണ് പൊലീസ് നിർദ്ദേശമെങ്കിലും

പലരും കേൾക്കാൻ കൂട്ടാക്കുന്നില്ല. ചെറിയ ആഭരണം തട്ടിയെടുത്താൽ പോലും വലിയ തുകയ്ക്ക് വിൽക്കാമെന്നതാണ് പ്രലോഭനം. കുറുവാ സംഘങ്ങൾ കൂട്ടത്തോടെ എത്തി മോഷ്ടിച്ച് മടങ്ങുന്ന സമയം കൂടിയാണിത്. ആൾത്താമസമില്ലാത്ത വീടുകളും മോഷ്ടാക്കൾ തേടിയിറങ്ങുകയാണ്. കനത്ത മഴയിൽ രാത്രി വീടിന്റെ ജനാലയോ വാതിലോ പൊളിക്കുന്ന ശബ്ദം വീട്ടുകാർ അറിയില്ല.

ഉറക്കം കെടുത്തി തിരുട്ടുസംഘങ്ങൾ

രാത്രിയിൽ വീട് തകർത്ത് ആക്രമിച്ച് മോഷണം നടത്തുന്ന തിരുട്ട് ഗ്രാമക്കാരെയാണ് കൂടുതൽ പേടിക്കേണ്ടത്. ആക്രിക്കച്ചവടവും മറ്റുമായി ഈ സംഘം പകൽ സമയങ്ങളിൽ നമുക്കു മുന്നിലൂടെ കടന്നു പോകും. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് രീതി. മൂന്നു പേരാണ് മിക്കപ്പോഴും ഒരുമിച്ചുണ്ടാകുക. സ്വർണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇക്കൂട്ടർ. കയ്യിൽ കമ്പിവടിയും വാളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടാവും. സ്വർണക്കടകൾ കൊള്ളയടിക്കാനും പഴയ സ്വർണം വാങ്ങുന്ന കടകളിൽ മോഷണം നടത്താനുമുള്ള സാഹചര്യവുമുണ്ട്. സ്വർണ്ണപ്പണയം സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശമുണ്ട്. നാഗമ്പടത്തും കുറിച്ചിയിലും നടത്തിയ മോഷണങ്ങൾക്ക് സമാനതകളുണ്ട്. രണ്ടും ആക്രമിച്ച ശേഷമാണ് മോഷണം.

ജാഗ്രത മാത്രം സുരക്ഷ

രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പ് വാതിലുകൾ ലോക്ക് ചെയ്‌തെന്ന് ഉറപ്പു വരുത്തണം

ജനൽപ്പാളികൾ രാത്രി അടച്ചിടുക. അപരിചിതർ കോളിംഗ് ബെല്ലടിച്ചാൽ വാതിൽ തുറക്കരുത്

ജനൽ വഴി കാര്യം അന്വേഷിക്കുക. വീടിനു പുറത്തും അടുക്കള ഭാഗത്തും രാത്രി ലൈറ്റി​ടുക

പഴയ വസ്ത്രങ്ങളോ പാഴ്‌വസ്തുക്കളോ ശേഖരിക്കുന്നവർ,​ യാചകർ എന്നിവരെ നിരീക്ഷിക്കുക

'' സ്വർണം അത്യാവശ്യംമാത്രം ധരിച്ച് സുരക്ഷിതമായി ലോക്കറിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. പൊലീസ് മോഷ്ടാക്കൾക്ക് പിന്നാലെയുണ്ട്. പഴയ സ്വർണം വാങ്ങുന്നവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെ ജയിൽ മോചിതരായവരും നിരീക്ഷണത്തിലാണ്.

ജില്ലാ പൊലീസ്