തീർത്ഥാടന സ്ഥലത്തെ രാസകുങ്കുമം നിരോധനം... എരുമേലിയിലും പിടിവീഴും,  ​​​​​​​ഭക്തരെ പറ്റിക്കാനാകില്ല

Monday 10 November 2025 12:27 AM IST

കോട്ടയം : ശബരിമല തീർത്ഥാടനം പ്രമാണിച്ച് രാസകുമങ്കുമത്തിന്റെ വില്പന ഹൈക്കോടതി നിരോധിച്ചതോടെ ജൈവകുങ്കുമം വിപണിയിലെത്താൻ കളമൊരുങ്ങി. എരുമേലിയടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ ജൈവ കുങ്കുമം എത്തിക്കാൻ സന്നദ്ധ സംഘടനകൾ വർഷങ്ങൾക്ക് മുൻപ് സജ്ജമായിരുന്നെങ്കിലും രാസകുങ്കുമ ലോബിയുടെ ഭീഷണിയാണ് തടസമായത്. ശരീരത്തിന് ഏറെ ദോഷമുണ്ടാക്കുന്ന രാസകുങ്കുമത്തിനെതിരെ പ്രകൃതി സ്നേഹികളും സന്നദ്ധ സംഘടനകളും നേരത്തെ രംഗത്തെത്തിയതാണ്. രാസകുങ്കുമം ശരീരത്തിൽ പൂശിയാണ് പേട്ടതുള്ളലും മറ്റും. സ്പോൺസർഷിപ്പിലൂടെയും വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും എരുമേലിയിൽ ജൈവ കുങ്കുമം എത്തിച്ച് തീർത്ഥാടകർക്ക് സൗജന്യമായി വിതരണം ചെയ്തെങ്കിലും പിന്നീട് നിലച്ചു. ജൈവസ്തുക്കൾ കൊണ്ട് നിർമിക്കുന്ന കുങ്കുമം ശരീരത്തിനും പ്രകൃതിക്കും ദോഷവും ചെയ്തിരുന്നില്ല.

 കോടികളുടെ ബിസിനസ്

ശബരിമല തീർത്ഥാടനകാലത്ത് നൂറ് ടണ്ണിന് മുകളിൽ രാസകുങ്കുമം വിൽക്കുന്നുണ്ട്. എരുമേലിയിൽ മാത്രം ഇത് 25 ടണ്ണാണ്. നിസാര വിലയ്ക്ക് തമിഴ്നാട്ടിൽ നിന്ന് മറ്റും എത്തിക്കുന്ന കുങ്കുമം പത്തും ഇരുപതും രൂപയ്ക്ക് ചെറുപായ്ക്കറ്റിലാക്കിയാണ് വില്പന. സീസൺ പ്രമാണിച്ച് വൻ തോതിൽ രാസ കുങ്കുമം വാങ്ങിസൂക്ഷിച്ചവരും ഹൈക്കോടതി ഇടപെടലിൽ വെട്ടിലായി. ഒരുമാസം മുൻപ് മുൻകൂർ പണം നൽകി ഓർഡർ നൽകിയവരാണ് ഭൂരിഭാഗവും. രാസകുങ്കമ വില്പനയ്ക്ക് എതിരെ കളക്ടറുടെ ഉത്തരവ് നിലനിൽക്കുമ്പോഴായിരുന്നു ലഭ്യമല്ലെന്ന കാരണം കാട്ടി കച്ചവടം നടത്തിയിരുന്നത്.

ശ്വാസകോശ - ത്വക്ക് രോഗങ്ങൾക്ക് കാരണം

ജലാശയങ്ങൾ മലിനപ്പെടുന്നു, ജീവികൾക്കും ദോഷകരം

 കച്ചവടക്കാർക്കും തീർത്ഥാടകർക്കും ഒരുപോലെ ദോഷം

അന്തരീക്ഷ മലിനീകരണം, ശ്വസിക്കുന്നത് സാധാരണക്കാരും

വലിയ തോട് മലിനമയം

പേട്ടതുള്ളിയ ശേഷം ഭക്തർ വലിയ തോട്ടിൽ കുളിക്കുമ്പോൾ ജലത്തിൽ രാസകുങ്കുമം കലരുന്ന സ്ഥിതിയായിരുന്നു. തീർത്ഥാടകർക്ക് കുളിക്കുന്നതിന് തോടിനു സമീപം ചെറിയ സാംപിൾ പാക്കറ്റ് ഷാംപൂവും സോപ്പും വില്പനയുണ്ട്. ഇവയുടെ കവറുകൾ വൻതോതിൽ തോട്ടിലും കരയിലും തള്ളുന്നത് പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഇതിനാണ് ഹൈക്കോടതി ഇടപെടലോടെ പരിഹാരമാകുന്നത്.