ബലാത്സംഗക്കേസിലെ പ്രതി, ആം ആദ്മി പാർട്ടി എംഎൽഎ  ഓസ്ട്രേലിയയിൽ ഒളിവിൽ

Sunday 09 November 2025 7:27 PM IST

ഛണ്ഡീഗഢ്: ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാർട്ടി എംഎൽഎ ഒളിവിൽ കഴിയുന്നത് ഓസ്ട്രേലിയയിൽ. പഞ്ചാബിലെ സനൂർ എംഎൽഎ ഹർമീത് സിംഗ് പത്തൻമജ്രാണ് സെപ്തംബർ രണ്ടു മുതൽ രാജ്യം വിട്ടത്. ഒളിവിലിരിക്കേ പുറത്തുവന്ന ഒരു അഭിമുഖ വീഡിയോയിലാണ് ഹർമീത് സിംഗ് ഓസ്ട്രേലിയയിൽ ആണെന്ന് വ്യക്തമായത്.

'പഞ്ചാബിലെ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ നിശബ്ദമാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാ​ഗമാണ് തനിക്കെതിരെയുള്ള ബലാത്സംഗക്കേസ്. കേസിൽ ജാമ്യം കിട്ടിയാൽ മാത്രമേ ഇന്ത്യയിലേക്ക് ഇനി വരുകയുള്ളൂ. പഞ്ചാബിൽ മന്ത്രിമാരോടും എംഎൽഎമാരോടും പ്രധാന കാര്യങ്ങളിൽ പോലും ചർച്ച നടത്തുന്നില്ല. സംസാര സ്വാതന്ത്ര്യം പരിമിതപ്പെടുകയാണ്' - ഹർമീത് സിംഗ് പറഞ്ഞു.

ബലാത്സംഗക്കേസിൽ ഹർമീത് സിംഗ് ഹാജരാകാത്തതിനെ തുടർന്ന് പട്യാല കോടതി അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് പിടിയിൽ നിന്നും നാടകീയരംഗങ്ങൾ സൃഷ്ടിച്ച് കടന്നുകളയുകയായിരുന്നു അദ്ദേഹം. എംഎൽഎയെ പിടികൂടാൻ വിവിധയിടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിരുന്നു. തുടർന്ന് പാട്യാല പൊലീസ് ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. സെപ്തംബർ ഒന്നിനാണ് സിവിൽ ലൈൻ പൊലീസ് ഹർമീത് സിംഗിനെതിരെ ബലാത്സം​ഗം, വഞ്ചന, കുറ്റകരമായ ഭീഷണി എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. സിറാക്പൂർ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹമോചിതനെന്ന് തെറ്റിദ്ധരിപ്പിച്ച് താനുമായി ബന്ധത്തിലായെന്നും പിന്നീട് തന്നെ വഞ്ചിച്ച് 2021ൽ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് പരാതി.