സീറ്റില്ലെങ്കിൽ സൗഹൃദമത്സരത്തിന് തയ്യാറെന്ന് ലീഗ്

Monday 10 November 2025 12:42 AM IST

കോട്ടയം : ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് വേണമെന്ന മുസ്ളിം ലീഗ് ഉറച്ചു നിന്നതോടെ പിണക്കാതെ കോൺഗ്രസ്. ആദ്യ ഘട്ട ഉഭയകക്ഷി ചർച്ച അലോസരങ്ങളില്ലാതെ അവസാനിച്ചു. ചർച്ച തൃപ്തികരമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. എരുമേലി, മുണ്ടക്കയം ഡിവിഷനുകളിൽ ഒന്നാണ് ആവശ്യം. നിഷേധിച്ചാൽ സൗഹൃദ മത്സരത്തിനും തയ്യാറെന്ന മുന്നറിയിപ്പും നൽകി. ഇത്തവണ ഡിവിഷൻ വർദ്ധിച്ചതും കഴിഞ്ഞ തവണ നൽകിയ ഉറപ്പ് പാലിക്കണമെന്ന ആവശ്യവും ഉയർത്തിയായിരുന്നു സമ്മർദ്ദം. എന്നാലിത് ഉൾക്കൊള്ളാൻ കോൺഗ്രസ് ആദ്യം തയ്യാറായില്ല. കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്ന സൂചനയും നൽകി. ഒടുവിൽ കോൺഗ്രസ് നേതാക്കൾ അയഞ്ഞു. മുണ്ടക്കയം, എരുമേലി സീറ്റുകൾ കാലങ്ങളായി എൽ.ഡി.എഫിന്റെ കൈയിലാണ്. എന്നാൽ ഇവിടങ്ങളിൽ ശക്തമായ സ്വാധീനമുണ്ടെന്ന് ലീഗ് നേതാക്കൾ ബോദ്ധ്യപ്പെടുത്തി. കേരള കോൺഗ്രസ് ജോസഫിന് അർഹമായതിൽ കൂടുതൽ സീറ്റുകൾ നൽകിയെന്ന വികാരവും ലീഗിനുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച അതേ സീറ്റുകൾ ഇത്തവണയും കേരള കോൺഗസിന് നൽകാനാണ് തീരുമാനം.