കാട്ടുപന്നികൾ നാട്ടിൽ, ആക്രമണം തുടർക്കഥ
വിതുര: മലയോരമേഖലയിൽ വീണ്ടും കാട്ടുപന്നികളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന പന്നികൾ ഗ്രാമപ്രദേശത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണ്. പകൽസമയത്തുപോലും പൊൻമുടി സംസ്ഥാനപാതയിൽ കാട്ടുപന്നികളുടെ വിളയാട്ടമാണ്. കൃഷിയിടങ്ങളിൽ താണ്ഡവമാടുന്ന കാട്ടുപന്നികൾ കൃഷികളെല്ലാം നശിപ്പിക്കുകയാണ്. വിള ലഭിക്കുമെന്ന പ്രതീക്ഷയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ പലിശയ്ക്ക് പണമെടുത്താണ് പലരും കൃഷിയിറക്കുന്നത്. എന്നാൽ വാഴ, മരച്ചീനി, മറ്റ് പച്ചറി കൃഷികളെല്ലാം കാട്ടുപന്നികൾ പിഴുതെറിയും. ബാങ്കിൽ നിന്നും വായ്പയെടുത്തും പലിശക്കെടുത്തും കൃഷിനടത്തിയവർ കടക്കെണിയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുള്ളതായി നാട്ടുകാർ പറയുന്നു.
വനമേഖലയോട് ചേർന്നുള്ള മേഖലകളിൽ സന്ധ്യമയങ്ങിയാൽ പന്നികളുടെ വിളയാട്ടമാണ്.മാത്രമല്ല നാട്ടിലെത്തുന്ന പന്നികൾ തിരിച്ച് വനത്തിലേക്ക് പോകാത്ത അവസ്ഥയിലുമാണ്. റബർതോട്ടങ്ങളിലും തരിശുഭൂമികളിലുമാണ് ഇവർ തമ്പടിക്കുന്നത്. ആദിവാസി മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. ആദിവാസി മേഖലയ്ക്ക് പുറമേ നാട്ടിൻ പുറങ്ങളിലും പന്നി ശല്യം രൂക്ഷമാണ്. നാട്ടിലിറങ്ങി നാശവും ഭീതിയും പരത്തുന്ന പന്നികളെ വെടിവെച്ചുക്കൊല്ലുവാൻ പഞ്ചായത്ത്, സർക്കാർ അനുമതിയോടെ ഷൂട്ടർമാരെ നിയമിച്ച് കുറയേറെ പന്നികളെ വെടിവെച്ചുക്കൊന്നെങ്കിലും പന്നിശല്യം ഇപ്പോഴും തുടരുകയാണ്.
ആക്രമണങ്ങളേറെ കാട്ടുപന്നിയുടെ ആക്രമണത്തിൽ നേരത്തേ തൊളിക്കോട് പഞ്ചായത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു.വിതുര-നന്ദിയോട് റൂട്ടിലും,നാഗര-കാലങ്കാവ് റൂട്ടിലും രാത്രി ബൈക്കുകളിൽ സഞ്ചരിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. അനവധി പേർക്ക് ആക്രമങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. അടുത്തിടെ നന്ദിയോട് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിയ തൊളിക്കോട് മലയടി സ്വദേശികളായ രണ്ട്പേരെ കാലങ്കാവിൽവെച്ച് കാട്ടുപന്നികൾ ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയവരെയും പന്നികൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ രണ്ട് വീട്ടമ്മമാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
മാലിന്യനിക്ഷേപം
പൗൾട്രിഫാമുകളിൽ നിന്നുള്ള ഇറച്ചി വേസ്റ്റ് ചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി പാതയോരങ്ങളിൽ കൊണ്ടിടുക പതിവാണ്. മാലിന്യം തിന്നുവാൻ പന്നികൾ കൂട്ടമായാണെത്തുന്നത്. വിതുര ചാരുപാറ പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപത്തും ചേന്നൻപാറ വളവിലും നിക്ഷേപിക്കുന്ന മാലിന്യം തിന്നുവാൻ കാട്ടുപന്നികൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പന്നിശല്യം ഇവിടെ
തോട്ടുമുക്ക് കന്നുകാലിവനം,മലയടി,ചായം, ചാരുപാറ,പേരയത്തുപാറ തോട്ടുമുക്ക്,ആനപ്പാറ,കല്ലാർ,മംഗലകരിക്കകം,കാെമ്പ്രാംകല്ല്, അല്ലത്താര,ചണ്ണനിരവട്ടം,ചാമക്കര, ബോണക്കാട്, മൂന്നാംനമ്പർ, പേരയം, മരുതാമല, ജഴ്സിഫാം, അടിപറമ്പ്, മണിതൂക്കി, ചാത്തൻകോട്, ചെമ്മാംകാല,പേപ്പാറ,പൊടിയക്കാല,കുട്ടപ്പാറ,കല്ലാർ,ആനപ്പാറ,പേപ്പാറ,പട്ടൻകുളിച്ചപാറ, കളീക്കൽ, പൊന്നാംചുണ്ട്, നരിക്കല്ല്,തലത്തൂതക്കാവ്,പുളിച്ചാമല,പരപ്പാറ,മേമല,പൊൻപാറ, വിനോബാനികേതൻ,മലയടി,ചെരുപ്പാണി,മക്കി