ഞെട്ടൽ മാറാതെ കുറിച്ചി നിവാസികൾ
കോട്ടയം : ശാന്തമായൊരു ഞായറാഴ്ച. തിരക്കുകൾ ഒഴിഞ്ഞ നാലുംകൂടി ചേരുന്ന സ്വാമിക്കവല ജംഗ്ഷൻ. പള്ളിയിൽ പോയി വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് തെക്കേപ്പറമ്പിൽ അന്നമ്മയുടെ വള മോഷ്ടിച്ച വിവരമറിഞ്ഞത്. വിവരം കാട്ടുതീ പോലെ പരന്നു. പകൽ സമയങ്ങളിൽ പോലും വീടുകളിൽ സുരക്ഷയില്ലാത്ത സ്ഥിതിയാണെന്ന ആശങ്ക പ്രദേശവാസികൾ പങ്കുവച്ചു. കുറിച്ചി ഹോമിയോ ആശുപത്രി, ഹോമിയോ റിസർച്ച് സെന്റർ, ആതുരാശ്രമം തുടങ്ങി നിരവധി സ്ഥാപനങ്ങളും സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. രണ്ടാഴ്ച മുൻപ് അയർക്കുന്നത്തും സമാന രീതിയിൽ മോഷണം നടന്നിരുന്നു. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവനും പണവുമാണ് മോഷ്ടിച്ചത്. പ്രതിയെ പിടികൂടിയിട്ടില്ല. കഴിഞ്ഞദിവസം നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടിൽ രത്‌നമ്മയെ (63) ആക്രമിച്ച് മാല കവർന്നത് അന്യസംസ്ഥാന തൊഴിലാളിയാണ്.
മാടക്കട നടത്തുകയായിരുന്ന ഇവരെ ഉച്ചയ്ക്ക് കടയിലെത്തിയ പ്രതി തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.