കാണാതായ യുവാവ് കാറിൽ മരിച്ച നിലയിൽ
തലയോലപ്പറമ്പ് : കാണാതായ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അറുപുഴ പത്തിൽ വീട്ടിൽ ബാബുവിന്റെ മകൻ ബോബിൻ ബാബു (40) ആണ് മരിച്ചത്. തലയോലപ്പറമ്പ് അടിയം ഭാഗത്തുള്ള ഭാര്യ ശാരിയുടെ കാക്കനാട്ട് വീട്ടിലായിരുന്നു താമസം. ഇന്നലെ രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പാർക്ക് ചെയ്ത കാറിനുള്ളിൽ യുവാവിനെ ബോധരഹിതനായി കണ്ടത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ 7 ന് രാത്രി മുതൽ യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കോട്ടയം അറുപുഴയിലുള്ള വീട്ടുവളപ്പിൽ. മക്കൾ : വൈഹരി, ശ്രീഹരി (ഇരുവരും വിദ്യാർഥികൾ).