ഔഷധ ചെടികളുടെ കാവലാൾ
തിരുവനന്തപുരം: അപൂർവ ഔഷധച്ചെടികളായ ആരോഗ്യപച്ചയും രാമനാമപച്ചയും കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കർഷകനായ ആര്യനാട് തോളൂർ സ്വദേശി ബി.സനകന്റെ തോട്ടത്തിലേക്ക് വരിക. അപൂർവങ്ങളായ ഇരുന്നൂറിലധികം ഔഷധസസ്യങ്ങളാണ് സനകന്റെ കൃഷിയിടത്തിലുള്ളത്.വംശനാശം സംഭവിക്കുന്ന ഔഷധച്ചെടികൾ പരിപാലിച്ചും മറ്റുള്ളവർക്ക് സൗജന്യമായി നൽകിയും നിശബ്ദമായി പരിസ്ഥിതിയെ സംരക്ഷിക്കുകയാണിദ്ദേഹം.
യാത്രകളിൽ നിന്നും പാരമ്പര്യ വൈദ്യന്മാരുടെ വീടുകളിൽ നിന്നുമാണ് ചെടികളേറെയും ശേഖരിക്കുന്നത്. ഉഴമലയ്‌ക്കൽ പഞ്ചായത്തിലെ ചിറ്റുവീട് വാർഡിലെ വീടുകളിൽ സൗജന്യമായി ചെടികൾ നൽകുന്ന പദ്ധതി പഞ്ചായത്ത് മെമ്പറുടെ അഭ്യർത്ഥന പ്രകാരം നടപ്പാക്കിയിരുന്നു. ആര്യനാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്.നിരവധി പേരാണ് സനകന്റെ ഔഷധത്തോട്ടം സന്ദർശിക്കാനായെത്തുന്നത്. പഞ്ചകർമ്മ തെറാപ്പിസ്റ്റ് കൂടിയാണ് സനകൻ.
20 വർഷത്തിലധികമായി ഔഷധചെടികളെ പരിപാലിക്കുന്ന സനകനെ വനമിത്ര അവാർഡ് നൽകി വനംവകുപ്പ് ആദരിച്ചിട്ടുണ്ട്.
എല്ലാം ഒരു കുടക്കീഴിൽ
അർബുദ ചികിത്സയ്ക്കുള്ള ശവക്കോട്ടപച്ച,ശരീരപുഷ്ടിക്കുള്ള പാൽമുതുക്ക്,വൃക്കരോഗങ്ങൾക്കുള്ള ചിറ്റമൃത്,ഓർമ്മ ശക്തിക്കുള്ള ബ്രഹ്മി, പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും കൊളസ്ട്രോളിനും മരുന്നായി ഉപയോഗിക്കുന്ന മക്കോട്ടദേവ,വിഷശമനത്തിനുള്ള ആനച്ചുവടി, ചർമ്മരോഗങ്ങൾക്കുള്ള ദന്തപാല,കരിമഞ്ഞൾ,നാഗദന്തി,കരിനൊച്ചി,കേശവർദ്ധിനി,കരിങ്കുറിഞ്ഞി,ചിറ്റരത്ത,കച്ചോലം,കൊടുവേലി,ഇരുവേലി,ചിലന്തിപ്പച്ച, ദശപുഷ്പം,അടപതിയൻ എന്നിങ്ങനെ നിരവധി സസ്യങ്ങൾ സനകന്റെ തോട്ടത്തിലുണ്ട്.