ജയിക്കാനുറച്ച് കണ്ണൂർ വാരിയേഴ്സ് ഇന്നിറങ്ങും
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ ഹോം ഗ്രൗണ്ടിൽ വിജയം തേടി കണ്ണൂർ വാരിയേഴ്സ് എഫ്.സി ഇന്നിറങ്ങും. രാത്രി 7.30ന് കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസാണ് എതിരാളി. സീസണിൽ ആദ്യ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കണ്ണൂർ വാരിയേഴ്സ് 3 - 2 ഗോളുകൾക്ക് വിജയിച്ചിരുന്നു. ഇന്ന് ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താനാകും കണ്ണൂർ വാരിയേഴ്സ് ശ്രമിക്കുക.
നിലവിൽ അഞ്ച് മത്സരങ്ങൾ കളിച്ച കണ്ണൂരിന് രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റാണ് ഉള്ളത്. വിജയിക്കുകയാണെങ്കിൽ 12 പോയിന്റുമായി ഒന്നാമത് എത്താം. തിരുവനന്തപുരം കൊമ്പൻസിന് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. തിരുവനന്തപുരത്തിന് അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി നാല് പോയിന്റ് മാത്രമാണുള്ളത്. വിജയിച്ച് സെമി സാദ്ധ്യത നിലനിർത്താനാവും ടീം ശ്രമിക്കുക. സ്വന്തം ആരാധകരുടെ മുന്നിൽ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന കണ്ണൂർ വാരിയേഴ്സിന് വിജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷം തൃശൂർ മാജിക് എഫ്.സിക്കെതിരെ വഴങ്ങിയ സമനില ഗോളിന് പകരം ചോദിക്കാനാകും ടീം ഇറങ്ങുക. തൃശൂരിനെതിരെ 3-4-3 എന്ന പുതിയ ഫോർമേഷൻ പരീക്ഷിച്ച പരിശീലകൻ മാനുവൽ സാഞ്ചസ് അതിൽ തന്നെ തുടരാനാണ് സാധ്യത. തൃശൂരിനെതിരെ അവസാന നിമിഷം ഗോൾ വഴങ്ങിയത് ഒഴിച്ചു നിർത്തിയാൽ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന തിരുവനന്തപുരം കൊമ്പൻസിന്റെ ക്യാപ്റ്റൻ പാട്രിക്ക് മോട്ടയ്ക്ക് രണ്ടാം സീസണിൽ പ്രതീക്ഷക്കൊത്ത് തിളങ്ങാൻ സാധിക്കുന്നില്ല. എന്നാൽ ഗോൾ കീപ്പർ ആര്യൻ മികച്ച ഫോമിലാണ്. ഓരോ മത്സരത്തിലും എതിർ ടീമിന്റെ നിരവധി അവസരങ്ങളാണ് താരം തട്ടി അകറ്റുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 സേവ് ആണ് താരം നടത്തിയത്.
രണ്ട് ബോക്സ് ഓഫീസ് തുറന്നു
മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഓഫ് ലൈൻ ടിക്കറ്റുകൾക്കായി സ്റ്റേഡിയത്തിൽ രണ്ട് ബോക്സ് ഓഫീസുകൾ തുറന്നിട്ടുണ്ട്. അതോടൊപ്പം കണ്ണൂരിലെ പുതിയതെരു, താഴെചൊവ്വ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിന്റെ ഔട്ട് ലെറ്റുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഓൺ ലൈൻ ടിക്കറ്റുകൾ www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനിൽ നിന്നോ വാങ്ങാവുന്നതാണ്. കഴിഞ്ഞ മത്സരത്തിൽ ടിക്കറ്റ് എടുത്ത് മത്സരം കാണാൻ സാധിക്കാത്തവർക്ക് ടിക്കറ്റുമായി എത്തി ബോക്‌സോഫീസിൽ നിന്ന് മാറ്റി വാങ്ങാവുന്നതാണ്.
പ്രവേശനം
മത്സരം കാണാനെത്തുന്നവർക്ക് ടിക്കറ്റുമായി വൈകീട്ട് 5 മുതൽ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലായാണ് നേരത്തെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. 7.15 ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകൾ അടക്കും. അതിനാൽ നേരത്തെ തന്നെഎല്ലാവരും സ്റ്റേഡിയത്തിൽ എത്താൻ ശ്രമിക്കണമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും പ്രവേശനം.