അടിമാലി താലൂക്കാശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാൻ 8.94 കോടി രൂപ അനുവദിച്ചു

Monday 10 November 2025 12:00 AM IST

അടിമാലി: അടിമാലി താലൂക്കാശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാൻ ഇടുക്കി പാക്കേജിൽ നിന്ന് 8.94കോടി രൂപ അനുവദിച്ചതായി അഡ്വ. എ. രാജ എം.എൽ.എ പറഞ്ഞു. ദേവികുളം, ഉടുമ്പൻചോല, ഇടുക്കി മണ്ഡലങ്ങളിൽ നിന്നുള്ളവർ പ്രധാനമായി ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രിയാണ് അടിമാലി താലൂക്കാശുപത്രി. ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ കെട്ടിടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വർദ്ധന ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. ഇതിന് കരുത്താകുന്നതാണ് കാത്ത് ലാബുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ഇപ്പോഴത്തെ സർക്കാർ ഇടപെടൽ. കാത്ത് ലാബ് സ്ഥാപിക്കാൻ കെട്ടിട സൗകര്യം ഒരുങ്ങിയിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. സർക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലിലൂടെ കാത്ത് ലാബ് പ്രവർത്തനക്ഷമമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് പ്രതീക്ഷ. ആശുപത്രിയിൽ പൂർണ്ണതോതിൽ കാത്ത് ലാബ് യാഥാർത്ഥ്യമായാൽ തോട്ടം, ആദിവാസി മേഖലകളിലെ സാധാരണക്കാരായവരുൾപ്പെടെ നിരവധിപ്പേർക്ക് അത് പ്രയോജനപ്രദമാകും.