വോട്ട് വേണോ, ആദ്യം റോഡ് നന്നാക്ക്

Monday 10 November 2025 12:49 AM IST

 റോഡ് തകർന്ന് ആറ് മാസമായിട്ടും നടപടിയില്ല

കുമളി: ആയിരത്തിലധികം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡ് തകർന്നിട്ട് ആറ് മാസമായിട്ടും നന്നാക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ. കഴിഞ്ഞ മേയ് മാസം പെഴ്ത കനത്ത മഴയിലാണ് റോഡ് തകർന്നത്. മരോട്ടി ചുവട്ടിൽ ജംഗഷനിൽ നിന്ന് കൊല്ലംപട്ടട വഴി സിന്ധു തീയറ്റർ കവലയിലെത്തുന്ന പാരലൽ റോഡാണ് തകർന്നത്. റോഡിന്റെ ഒരു ഭാഗത്ത് ബ്ലോക്ക് പഞ്ചായത്ത് സംരക്ഷത്ത ഭിത്തി നിർമ്മിച്ചെങ്കിലും പിന്നീട് തുടർ നടപടി ഉണ്ടായിട്ടില്ല. കുമളി പഞ്ചായത്തും കൈമലർത്തുകയാണ്. ഫണ്ട് ഇല്ലെന്നതാണ് സ്ഥിരം പല്ലവി. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്തേക്ക് ഒരു ആംബുലൻസിന് പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. നിരവധി സ്‌കൂൾ കുട്ടികളും നാട്ടുകാരും കടന്നുപോകുന്ന വഴിയാണിത്. റോഡ് തകർന്നതോടെ പ്രദേശവാസികൾ ഒന്നര കിലോമീറ്റർ കറങ്ങിയാണ് സഞ്ചരിക്കുന്നത്. നിരവധി തവണ ഇവിടത്തെ ജനങ്ങൾ പഞ്ചായത്തിലടക്കം കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഇടിഞ്ഞു പോയ വഴിയ്ക്ക് ശാശ്വത പരിഹാരം കാണാതെ വോട്ട് രേഖപ്പെടുത്തില്ലെന്നാണ് കൊല്ലംപട്ടട നിവാസികളുടെ തീരുമാനം.